Saturday, August 2, 2025
No menu items!
Homeവാർത്തകൾസംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്ഥാനം കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ വക്കിലാണുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് കുഷ്ഠരോഗികളുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റേയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടേയും ഭാഗമാണ് ഇത് കൈവരിക്കാനായത്. കൃത്യമായ നയത്തിന്റേയും വീക്ഷണത്തിന്റേയും അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സുശക്തമായിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘അശ്വമേധം 6.0’ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അശ്വമേധം ക്യാമ്പയിനിലൂടെ പുതിയ രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. അശ്വമേധത്തിലൂടെ 2018ല്‍ സംസ്ഥാനത്ത് പുതുതായി കണ്ടെത്തിയ കുഷ്ഠ രോഗികളുടെ എണ്ണം 783 ആയിരുന്നു. കോവിഡ് മഹാമാരി മൂലം അക്കാലത്ത് ഈ ക്യാമ്പയിന് തടസമായി. 2022-23 കാലത്ത് ക്യാമ്പയിന്‍ വീണ്ടും ആരംഭിച്ചു. അന്ന് 559 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2024-25ല്‍ 486 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2022-23ലും 2023-24ലും 10,000ല്‍ 0.15 ആണ് കുഷ്ഠരോഗത്തിന്റെ പ്രിവിലന്‍സ് നിരക്ക്. 2024-25ല്‍ അത് 0.11 ആയി കുറഞ്ഞിട്ടുണ്ട്.

കുട്ടികളില്‍ കുഷ്ഠരോഗം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് വലിയൊരു ക്യാമ്പയിന്‍ ആരംഭിച്ചു. അതിന്റെ കണക്ക് പരിശോധിച്ചാലും രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് കാണുന്നത്. 2022-23ല്‍ 33 കുഞ്ഞുങ്ങള്‍ക്കും 2023-24ല്‍ 30 കുഞ്ഞുങ്ങള്‍ക്കും രോഗമുള്ളതായി കണ്ടെത്തി. 2024-25ല്‍ 19 കുഞ്ഞുങ്ങളെ കണ്ടെത്തി. കുഞ്ഞുങ്ങളില്‍ രോഗം കണ്ടെത്തുന്നു എന്നത് മുതിര്‍ന്നവരില്‍ കുഷ്ഠരോഗം മറഞ്ഞിരിക്കുന്നു എന്നാണ് കാണിക്കുന്നത്.

ആര്‍ദ്രം ആരോഗ്യം വാര്‍ഷികാരോഗ്യ പരിശോധനയുടെ ഭാഗമായും കുഷ്ഠരോഗ പരിശോധന നടത്തി വരുന്നു. തൊലിപ്പുറത്തെ നിറം മങ്ങിയ പാടുകള്‍, വ്യത്യാസങ്ങള്‍ തുടങ്ങവയെല്ലാം ശ്രദ്ധിക്കണം. തൊലിയുടെ സ്പര്‍ശന ക്ഷമതയാണ് പരിശോധിക്കുന്നത്. പരിശോധിച്ച് കുഷ്ഠരോഗമല്ല എന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. രോഗത്തെയാണ് അകറ്റേണ്ടത് രോഗികളേയല്ല. തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തില്‍ പറയുന്ന ‘രോഗം ഒരു കുറ്റമാണോ’ എന്ന ചോദ്യം പതിറ്റാണ്ടുകള്‍ക്കപ്പുറവും ഓര്‍മ്മിക്കേണ്ടി വരുന്നു. അവബോധ പ്രവര്‍ത്തനങ്ങള്‍ക്ക് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ രംഗത്തെത്തുന്നത് അഭിമാനമുള്ള കാര്യമാണ്. ആരോഗ്യ മേഖലയില്‍ സമര്‍പ്പിതമായ സേവനം അനുഷ്ഠിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments