തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനെട്ടാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽആഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, കനത്ത മഴയെ തുടർന്നു പാലക്കാട് രണ്ട് യുവാക്കളെ ഭവാനി പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. പരുപ്പന്തറയിലാണ് അപകടം. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്



