തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. അറബികടലില്‍ ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴികളും രൂപമെടുത്തതാണ് മഴ കനക്കാന്‍ കാരണം.
അറബിക്കടലിലെ ശക്തി കൂടി ന്യൂനമര്‍ദ്ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിച്ച് ഞായറാഴ്ച രാവിലെയോടെ മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ തെക്കന്‍ കേരള തീരത്തിനു സമീപം തെക്ക് കിഴക്കന്‍ അറബിക്കടല്‍ വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.



