തൃശൂർ: ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതിവകുപ്പിനു കീഴിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ നവംബറിൽ ‘ഓർമത്തോണി’ ക്ലിനിക്കുകൾ തുറക്കും. തദ്ദേശ സ്ഥാപനങ്ങളിൽആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ക്ലിനിക്കുകളിൽ വയോജനങ്ങളെ പരിശോധിക്കും. ഡിമെൻഷ്യ സ്ഥിരീകരിക്കുന്നവർക്ക് വിദഗ്ധ ചികിത്സയും മരുന്നും ഉറപ്പാക്കും.
ഡിമെൻഷ്യ ബാധിതരായ വയോജനങ്ങൾക്കു വേണ്ടി തൃശൂരിലും തിരുവനന്തപുരത്തും ഡേ കെയർ സെന്ററും തുറക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 91 വയോമിത്രം യൂണിറ്റുകളിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും ഡിമെൻഷ്യ പരിശീലനം നൽകും. ഡിമെൻഷ്യ ബാധിതരെ കണ്ടെത്തുന്നതിന് നഗരസഭകളിലെ ആശാവർക്കർമാർക്കും ഈ മാസം വിദഗ്ധർ പരിശീലനം നൽകും. ഇതിന് കൈപ്പുസ്തകവും തയ്യാറാക്കി. പരിചരണ വിവരങ്ങൾ ഉൾപ്പെടുത്തിയ സാമഗ്രികളും പ്രചാരണ ഉപാധികളും തയ്യാറാക്കി. രോഗികളെ പരിചരിക്കുന്ന കുടുംബക്കാർക്ക് ഹെൽപ്പ് ലൈൻ സംവിധാനവും ഒരുക്കും.
സംസ്ഥാനത്തെ മുഴുവൻ ഡിമെൻഷ്യ ബാധിതരെയും കണ്ടെത്തി അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ‘ഓർമത്തോണി’ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഈ വർഷം ‘ഓർമത്തോണി’യുടെ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ ഡേകെയർ സെന്ററിനായി കെട്ടിടം നൽകി. ഇത്തരം കേന്ദ്രങ്ങളിൽ ഡിമെൻഷ്യ ബാധിതരായ വയോജനങ്ങൾക്ക് പകൽ വന്നിരിക്കാം. ഇവർക്ക് സമയം ചെലവഴിക്കാൻ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കും.
ഡിമൻഷ്യ നേരത്തെ തിരിച്ചറിഞ്ഞാൽ ഒന്നും രണ്ടും മൂന്നും ഘട്ട പ്രതിരോധസമീപനങ്ങൾ സ്വീകരിക്കാനാവും. ഇങ്ങനെ ലഘുവായ ഡിമെൻഷ്യ അവസ്ഥയിൽ നിന്ന് ഗുരുതര അവസ്ഥയിലേക്കുള്ള വളർച്ച തടയാൻ കഴിയും. പ്രാരംഭ ലക്ഷണങ്ങൾ കാണുമ്പോൾ ത്തന്നെ പരിചരണം തുടങ്ങണം. ഇതിന് കുടുംബാംഗങ്ങൾക്ക് അറിവും പരിശീലനവും നൽകണം.



