തിരുവനന്തപുരം: സംസ്ഥാനത്തെ പുതുവത്സരാഘോഷ വേളയിൽ കർശന നടപടികളുമായി പോലീസ്. ക്രമസമാധാനവും ജനങളുടെ സ്വൈര്യജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെയാണ് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾക്ക് തന്നെ വഴിയൊരുങ്ങുന്നത്.
ആളുകൾ പുതുവത്സരാഘോഷത്തിനായി കൂടുന്ന മേഖലകൾ കേന്ദ്രീകരിച്ച് കൃത്യമായ പരിശോധനകൾ ഉൾപ്പെടെ നടത്താനാണ് പോലീസ് തീരുമാനം. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഗതാഗത നിയമ ലംഘനം കണ്ടെത്താനുള്ള പരിശോധനകളും കൂടുതൽ കർശനമാക്കും. ഷോപ്പിംഗ് മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റാന്‍ഡ് , വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കാനും ധാരണയായിട്ടുണ്ട്. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിനായി സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കുകയും ചെയ്യും.
ഗതാഗത നിയമലംഘനങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് പോലീസ് നിലപാട്. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്ത ആളുകളുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹന പരിശോധനയിലൂടെയും കണ്ടെത്തുകയും തക്കതായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്. ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി മതിയായ സുരക്ഷ മുന്‍കരുതലുകള്‍ കൂടാതെ ബീച്ചിലേക്ക് പോകുന്നത് തടയാനായി കോസ്‌റ്റല്‍ പൊലീസ്, കോസ്‌റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ജില്ലകളിലെ പ്രധാന ജംഗ്ഷനുകളില്‍ എല്ലാം തന്നെ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‌ത ശേഷം പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാനായി പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്‌റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്‌മെന്റോ സംഘാടകരോ ശ്രദ്ധിക്കണംമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടൻ തന്നെ 112ല്‍ വിളിച്ച് പോലീസിനെ വിവരം അറിയിക്കണമെന്നും ഡിജിപിയുടെ നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.
പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. നഗരത്തിൽ വിപുലമായ പോലീസ് സന്നാഹം ഏർപ്പെടുത്തുമെന്നും 1000 പോലീസുകാർ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു