കൊച്ചി: സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് ഉടൻ നിരത്തിലിറങ്ങും. സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചുവടു വയ്പ്പാണിത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റേയും (ബിപിസിഎൽ), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റേയും (സിയാൽ) സഹകരണത്തോടെയാണ് ബസ് പുറത്തിറങ്ങുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന ബസിന്റെ മാതൃക മാർച്ച് 12, 13 തീയതികളിൽ കൊച്ചിയിൽ നടന്ന ഗ്ലോബൽ ഹൈഡ‍്രജൻ, റിന്യൂവബിൾ എനർജി ഉച്ചക്കോടിയിൽ പ്രദർശിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധന സ്റ്റേഷനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം നിർമാണത്തിലാണ്. 25 കോടി രൂപയാണ് പ്ലാന്റ് നിർമാണത്തിന്റെ ചെലവ് കണക്കാക്കുന്നത്.
ഇന്ധന പ്ലാന്റിന്റെ 70 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഹൈഡ്രജൻ ബസിനുള്ള ഇന്ധനത്തിനു പുറമേ വിമാനത്താവളത്തിലെ വാഹനങ്ങൾക്കു വൈദ്യുതി നൽകാനും ഇവ ഉപയോഗപ്പെടുത്തും. സംയോജിത പ്ലാന്റ്, ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കൽ, സാങ്കേതികവിദ്യ നൽകൽ എന്നിവയെല്ലാം ബിപിസിഎൽ മേൽനോട്ടത്തിലാണ്. പ്ലാന്റിന്റെ കമ്മീഷൻ കഴിഞ്ഞാൽ ബസ് നിരത്തിലിറക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപിഐടി ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ചാണ് ബസിന്റെ പ്രവർത്തനം. വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റിയായിട്ടായിരിക്കും ബസ് ഓടുക. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ബസ് ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ബിപിസിഎൽ അധികൃതർ വ്യക്തമാക്കി.



