Monday, July 7, 2025
No menu items!
Homeവാർത്തകൾസംസ്ഥാനത്തെ അടിസ്ഥാന വികസനത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കിഫ്ബിക്കായെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ

സംസ്ഥാനത്തെ അടിസ്ഥാന വികസനത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കിഫ്ബിക്കായെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ

കേരള സംസ്ഥാനത്തെ അടിസ്ഥാന വികസനത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കിഫ്ബിക്കായെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. പ്രതിസന്ധികളെ മറികടന്നാണ് കിഫ്ബി മുന്നോട്ട് പോകുന്നത്. വിഴിഞ്ഞം തുറമുഖത്തെ തുടര്‍ന്നുണ്ടാകുന്ന വികസനം പ്രയോജനപ്പെടുത്താനായി, ആയിരം കോടി രൂപ ഈ വര്‍ഷം തന്നെ കിഫ്ബി പ്രഖ്യാപിച്ചുകഴിഞ്ഞെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) രൂപീകരിച്ചത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. എൽഡിഎഫ് സർക്കാർ 2016ൽ അധികാരമേറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

മാതൃവകുപ്പ് ധനവകുപ്പാണെങ്കിലും മറ്റെല്ലാ വകുപ്പുകളുടെയും വികസന പദ്ധതികള്‍ ചെന്നെത്തി നില്‍ക്കുന്നത് കിഫ്ബിയുടെ ഫണ്ടിലാണ്. അതുകൊണ്ട് തന്നെ സംസ്ഥാന വികസനത്തിന്റെ അടിസ്ഥാനമെന്നാണ് ധനമന്ത്രി കിഫ്ബിയെ വിശേഷിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി, കേന്ദ്രസഹായം വെട്ടിക്കുറക്കല്‍ തുടങ്ങി പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു കിഫ്ബിക്ക് മുന്നില്‍. കിഫ്ബിയുടെ കരുത്തില്‍ തന്നെയാണ് നിലവില്‍ മുന്നോട്ടുള്ള വികസനങ്ങളെയും ധനവകുപ്പ് വിഭാവനം ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന വിഴിഞ്ഞം–കൊല്ലം–പുനലൂര്‍ കോറിഡോറിന് ആയിരം കോടി ബജറ്റില്‍ പ്രഖ്യാപിച്ചത് ഉദാഹരണം മാത്രം. വലിയ നിക്ഷേപം വരുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ കിഫ്ബിക്ക് ആകുമോയെന്ന സംശയത്തിനുള്ള മറുപടി കൂടിയാണ് ഇത്തരം പദ്ധതികളെന്ന് ധനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കാലയളവാണ് കഴിഞ്ഞ 9 വർഷമെന്നും ആ നേട്ടത്തിന് ഏറ്റവും പ്രധാന പങ്കുവഹിച്ചത് കിഫ്ബിയാണെന്നും ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ബഡ്ജറ്റിന്റെ പുറത്ത് നിന്നും വരുമാനം കണ്ടെത്തി ആദ്യഘട്ടത്തിൽ സംസ്ഥാന ബജറ്റിൽ നിന്ന് കൊടുക്കുന്ന പണവും അതോടൊപ്പംതന്നെ കടം വഴി എടുക്കുന്ന പണവും ഉപയോഗിച്ചുകൊണ്ട് വലിയ നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബി നടത്തി. ഏകദേശം ഒരു ലക്ഷം കോടി രൂപയോളം വരുന്ന പദ്ധതികൾ അടുത്ത കാലയളവിനുള്ളിൽ പൂർത്തീകരിക്കണം എന്നാണ് കിഫ്ബി ലക്ഷ്യമിടുന്നത്. തീരദേശ ഹൈവേയും മലയോര ഹൈവേയും തീരദേശ കനാലും ഏറ്റവും വലിയ വികസന പ്രവർത്തനമായി നമ്മുടെ മുന്നിലുണ്ട്. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കുതിപ്പേകിയ കിഫ്ബിയാണ് സ്‌കൂളുകളിലും ആശുപത്രികളിലും അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.

കേരളത്തിലെ ഏറ്റവും സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഗ്രാമീണ പ്രദേശങ്ങളിലെ ആയിരക്കണക്കിന് സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ക്ലാസ് മുറികളും ലാബുകളും ഉണ്ടാക്കി. കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, പുതിയ സയൻസ് ലാബുകൾ, സയൻസ് പാർക്ക്, റിസർച്ച് സെൻറർ, ഡാറ്റ സയൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉൾപ്പെടെ ആധുനികശാസ്ത്ര സാങ്കേതിക മേഖലയിലും ധാരാളം നിർമാണപ്രവർത്തനങ്ങൾ നടത്താൻ കിഫ്ബിക്ക് സാധിച്ചു.

മെഡിക്കൽ കോളേജ് മുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വരെയുള്ള ആശുപത്രികൾ വിപുലമായ സൗകര്യങ്ങളോടുകൂടി ഇപ്പോൾ പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്. പലതും പൂർത്തീകരിച്ചു കഴിഞ്ഞു. കിഫ്ബിയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്ന് പുറകോട്ട് പോകുവാനോ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനോ വികസന കാര്യങ്ങൾക്ക് തടസം ഉണ്ടാക്കാനോ ഇടയാക്കാതെയാണ് മുന്നോട്ടുപോകുന്നത്.

കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേ അറ്റം വരെ നീളുന്ന ദേശീയപാത ഇന്നിപ്പോൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാന കാരണം കിഫ്ബി വഴിയുള്ള നിക്ഷേപമാണ്. ഏകദേശം 6000 കോടി രൂപയോളമാണ് എൻഎച്ച് പൂർത്തീകരിക്കാൻ വേണ്ടിയുള്ള നിക്ഷേപം- അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments