തിരുവനന്തപുരം: സംസ്‌ഥാനത്തു റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കടുത്ത നടപടികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രയോജനം ജനങ്ങള്‍ക്ക് പൂര്‍ണമായി ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് ഇത്.
റേഷന്‍ കടകളിലും മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഗ്യാസ് ഏജന്‍സികളിലും അടക്കം പരിശോധനയ്‌ക്കായി സംസ്‌ഥാനതല ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ് പുനഃസംഘടിപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും നടപടികള്‍. കടകളിലെ പരിശോധനയ്‌ക്കായി രണ്ടു ടീമുകളെയാണ് നിയോഗിക്കുക.
ആദ്യ ടീമില്‍ ഡെപ്യൂട്ടി സെക്രട്ടറി, പൊതുവിതരണ ഉപഭോക്‌തൃ കമ്മിഷണര്‍ കാര്യാലയത്തിലെ അസിസ്‌റ്റന്റ് സെക്രട്ടറി 1, ഭക്ഷ്യ-പൊതുവിതരണ എ, സി വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍മാരും അസിസ്‌റ്റന്റ്‌മാരും മറ്റു ജീവനക്കാരും ആണ് അംഗങ്ങള്‍. രണ്ടാം ടീമില്‍ ഡെപ്യൂട്ടി സെക്രട്ടറി, പൊതുവിതരണ ഉപഭോക്‌തൃ കമ്മിഷണര്‍ കാര്യാലയത്തിലെ അസിസ്‌റ്റന്റ് സെക്രട്ടറി മൂന്ന്, ഭക്ഷ്യ-പൊതുവിതരണ ബി, ഡി ആന്‍ഡ് സിഎ വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍മാരും അസിസ്‌റ്റന്റ്‌മാരും മറ്റു ജീവനക്കാരുമാണ് അംഗങ്ങള്‍.
ടീം ലീഡര്‍മാര്‍ പാനല്‍ തയാറാക്കി കൃത്യമായി ഷെഡ്യൂള്‍ ഉണ്ടാക്കിയാവും ഇനി പരിശോധന നടത്തുക.ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയെയും കമ്മിഷണറേറ്റ് തലത്തില്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറേയും ചുമതലപ്പെടുത്തി. റേഷന്‍കടകളിലും മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഗ്യാസ് ഏജന്‍സികളിലും ഇനി കൃത്യമായ പരിശോധന ഉണ്ടാവും. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അനുസരിച്ച് കൃത്യമായ അളവിലും തൂക്കത്തിലും അല്ലാതെ ജനങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നത് കണ്ടെത്തിയാല്‍ കടുത്ത നടപടി ഉണ്ടാകും. താലൂക്ക് സപ്ലൈ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസുകള്‍ പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകും.



