സംസ്ഥാനത്തെ കടൽ, കായൽ തീരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് അനുമതി നൽകിയത്. സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ പത്തുലക്ഷത്തോളം ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരമേഖലയ്ക്കാണ് ഇതിന്റെ ഗുണഫലം.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളിൽ ഇളവ് നേടിയെടുക്കാൻ ഇതിലൂടെ കഴിഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകൾക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.