കൊച്ചി: സ്വർഗസ്ഥനായ പിതാവേ എന്ന വിഖ്യാത പ്രാർത്ഥന ചരിത്രത്തിലാദ്യമായി സംസ്കൃത ഭാഷയിൽ “സർവേശാ’ എന്ന പേരിലുള്ള സംഗീത ആൽബമായി പുറത്തിറങ്ങുന്നു. ആദ്യമായിട്ടാണ് കർണാട്ടിക് സംഗീതത്തിന്റെ അകമ്പടിയോടെ ‘സർവേശ’ എത്തുന്നത്.
റെക്കോർഡിങ് സ്റ്റുഡിയോയിൽ ഇരുന്നൂറ് ഗായകർ ഒരുമിച്ചാണ് പിന്നണി പാടിയത്. നൂറു വൈദികരും നൂറു കന്യാസ്ത്രീകളുമാണ് ഗാനം ആലപിച്ചത്. മാർ ഇവാനിയോസ് കോളജിലെ സംസ്കൃത പ്രഫസറും സംസ്കൃത പണ്ഡിതനുമായിരുന്ന പ്രഫ. പി.സി. ദേവസ്യയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ക്രിസ്തു ഭാഗവതം എന്ന പുസ്തകത്തിൽ നിന്നെടുത്ത വരികൾക്ക് ഫാ. ഡോ. പോൾ പൂവത്തിങ്കൽ സി.എം.ഐ. ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഓർക്കസ്ട്രേഷൻ മനോജ് ജോർജ്. എളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയിലായിരുന്നു ആൽബത്തിന്റെ ദൃശ്യാവിഷ്കാരം.



