ചെങ്ങമനാട്: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കാൻ പോകുന്ന ഗിഫ്റ്റിസിറ്റി പദ്ധതി വരുന്നതോടെ മഞ്ഞപ്രയുടെ മുഖച്ഛായ മാറുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ അനുവാദത്തിന് നൽകിയപ്പോൾ സിറ്റിയുടെ പേര് മാറ്റണമെന്ന് നിർദ്ദേശിച്ചതിനാൽ ഇപ്പോൾ ഗ്ലോബൽ സിറ്റി എന്നാക്കി പുതിയ നിർദ്ദേശം നൽകിയെന്നും മന്ത്രി തുടർന്ന് പറഞ്ഞു. മഞ്ഞപ്രയിൽ രണ്ടു കോടി 92 ലക്ഷം രൂപ മുടക്കി പണി തീർക്കുന്ന ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലെക്സിൻ്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി. ഗ്ലോബൽ സിറ്റി വരുന്നതോടെ മഞ്ഞപ്രയിലെ റോഡുകൾ ലോകനിലവാരമുള്ളതാകും പുതിയ സംരംഭങ്ങൾ വരും. ഗ്ലോബൽ സിറ്റിയിൽ നേരിട്ടുമല്ലാതെയും ആയിരക്കണക്കിന് യുവതി യുവാക്കൾക്ക് പണി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വത്സലകുമാരി വേണു അധ്യക്ഷത വഹിച്ചു. കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആർ എസ് കണ്ണൻ രണ്ടര കോടി രൂപയുടെ വായ്പ ഉത്തരവ് മഞ്ഞപ്ര പഞ്ചായത്ത് സെക്രട്ടറിക്ക് സദസ്സിൽ വച്ച് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, ബ്ലോക്ക് പ്രസിഡണ്ട് കൊച്ചുത്രേസ്യാ തങ്കച്ഛൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനുമോൾ ബേബി ബ്ലോക്ക് മെമ്പർ സരിത സുനിൽ ചാലാക്ക, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ശശീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അശോക് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനു ജോർജ്, സാജു കോളാട്ടുകുടി ,സിജു ഈരാളി ഷെമിതബിജോ ,അൽഫോൻസാ ഷാജൻ ,ജാൻസി ജോർജ് ,സീന മാർട്ടിൻ, ത്രേസ്യാമ്മ ജോർജ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ വിലാസിനി വിശ്വംഭരൻ ,ടി പി വേണു രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഐ പി ജേക്കബ് ,കെ എം കുര്യാക്കോസ് ,പിഎം പൗലോസ് ,റെജി വാസു, അജി പുന്നേലിൽ ,പോളച്ചൻ കിലുക്കൻ, സന്തോഷ് പുതുവാശേരി ,വ്യാപാരി സംഘടനാ പ്രതിനിധികളായ ജോളി മാടൻ, കെ കെ വിജയൻ ,ആസൂത്രണ സമിതി’ വൈസ് ചെയർമാൻ എം. പി .തരിയൻ, അഡ്വ. ബിബിൻ വർഗ്ഗീസ് ,രാജു അമ്പാട്ട് ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ കെ ജെ ജോയ് എന്നിവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് ഇടശ്ശേരി സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി പി രാജേഷ് നന്ദിയും പറഞ്ഞു. അസിസ്റ്റൻറ് എഞ്ചിനീയർ പി എം രജിത റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രോജക്ട് മാനേജ്മെൻറ് കൺസൾട്ടന്റ് ആണ് പണി ഏറ്റെടുക്കുന്നത്. ആറുമാസം കൊണ്ട് പണി പൂർത്തീകരിച്ച് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൽസലകുമാരിവേണു പറഞ്ഞു.