ഇസ്‌ലാമാബാദ്: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഉറച്ച തീരുമാനവുമായി ഇന്ത്യ. ഭീകരവാദത്തിന് എതിരായ നിലപാട് ഉച്ചകോടിയിലും ആവര്‍ത്തിക്കാനാണ് തീരുമാനം. ഇസ്‌ലാമാബാദ് യോഗത്തില്‍ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. അംഗ രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായാണ് പാകിസ്താനിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏതൊക്കെ രാജ്യങ്ങളുടെ പ്രതിനിധികളുമായി എസ് ജയശങ്കര്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന വിവരവും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടില്ല. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി യോഗത്തിന് വേണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും വ്യക്തമാക്കി. ആതിഥേയത്വത്തിന്റെ പേരില്‍ എല്ലാവിധ പ്രോട്ടോക്കോളും പാലിച്ച് പാകിസ്താന്‍ സര്‍ക്കാര്‍ ജയശങ്കറെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 15, 16 തീയതികളിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്താന്‍, കസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍, ഉസ്ബെക്കിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ്രെസ അറഫും ബെലാറസ്, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, തജികിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും നാളെ പാകിസ്താനിലെത്തി ചേരും. റഷ്യന്‍ പ്രധാനമന്ത്രി മിഖൈയില്‍ മിഷുസ്തിനും ചൈനീസ് പ്രീമിയര്‍ ലി ക്യാങും ഇന്ന് തന്നെ എത്തിച്ചേരും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം നാളെ പാകിസ്ഥാനില്‍ എത്തും.



