കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പാത്രിയര്‍ക്കാ സെന്ററില്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായുടെ വലതുഭാഗത്തെ കല്ലറയിലാണ് ബാവയെ അടക്കം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു കബറടക്കം.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നടന്‍ മമ്മൂട്ടി, ശശി തരൂര്‍ എംപി, മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങി നിരവധിപേര്‍ ശ്രേഷ്ഠ ബാവായ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ബാവായുടെ വില്‍പത്രം ഇതിനിടെ വായിച്ചു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് തന്റെ പിന്‍ഗാമിയാകണമെന്നാണ് വില്‍പത്രത്തില്‍ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ധരിച്ച സ്വര്‍ണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്നു ബാവാ വില്‍പത്രത്തില്‍ വ്യക്തമാക്കി. നാലു മണിയോടു കൂടിയാണ് കബറടക്ക ശുശ്രൂഷയുടെ സമാപനക്രമം ആരംഭിച്ചത്. പിന്നാലെ താന്‍ തന്നെ പണി കഴിപ്പിച്ച മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായോട് ശ്രേഷ്ഠ ഇടയന്‍ വിടചൊല്ലി. അഞ്ചരയോടു കൂടിയാണ് കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായത്.