ചെറുതോണി: കഞ്ഞിക്കുഴി നങ്കിസിറ്റിയിലുള്ള ശ്രീ നാരായണ ഹൈസ്കൂളിന് വേണ്ടി പണിത പുതിയ കെട്ടിടത്തിന് താത്കാലിക ഫിറ്റ്നസ് നമ്പർ നൽകാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദ്ദേശിച്ചു.
ജൂലൈ 4 ലെ തദ്ദേശ സ്വയം ഭരണ വകുപ്പ് സർക്കുലർ പ്രകാരം ജീവന് ഭീഷണിയില്ലാത്ത സ്കൂൾ കെട്ടിടങ്ങൾക്ക് നിബന്ധനകളോടെ ഒരു വർഷത്തേക്ക് താത്കാലിക ഫിറ്റ്നസ് നൽകാൻ കഴിയും. ഈ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ശ്രീനാരായണ ഹൈസ്കൂളിന് താത്കാലിക ഫിറ്റ്നസ് അനുവദിക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്. ഈ അധ്യയന വർഷം തന്നെ നിയമപ്രകാരം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ സ്കൂൾ അധികൃതർ തയ്യാറാവണം. സർക്കാർ-എയ്ഡഡ് സ്കൂളുകൾക്ക് കെട്ടിട നിർമ്മാണ ചട്ടം 3(4) പ്രകാരമുള്ള ഇളവുകൾ നൽകുന്നത്, അപേക്ഷ ലഭിക്കുന്നതിന് അനുസരിച്ച് പരിഗണിക്കാനും മന്ത്രി നിർദ്ദേശം നൽകി.
പുതിയ കെട്ടിടം പൂർത്തിയാക്കിയിട്ടും ഫിറ്റ്നസ് ലഭിക്കാത്തതിനാൽ ക്ലാസുകൾ തുടങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി എത്തിയ സ്കൂൾ അധികൃതർ, ഈ വിഷയത്തിന് പരിഹാരമായതിന്റെ സന്തോഷത്തോടെയാണ് തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്. നിലവിൽ ഇതേ സ്ഥലത്തുണ്ടായിരുന്ന ഒരു കെട്ടിടം പൊളിച്ചുപണിയുകയായിരുന്നു. പുതിയ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചാൽ മാത്രമേ ഹൈസ്കൂൾ വിഭാഗം ഇവിടെ പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ. നൂറുകണക്കിന് വിദ്യാർത്ഥികളുടെ പഠന സംബന്ധമായ തടസമാണ് തദ്ദേശ അദാലത്തിലൂടെ മാറിയത്. ഇത് ബോധ്യപ്പെട്ടതിനെ തുടർന്ന് അടിയന്തിര പ്രാധാന്യം നൽകി താത്കാലിക ഫിറ്റ്നസ് അനുവദിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഇതോടെ കുട്ടികൾക്ക് പുതിയ കെട്ടിടത്തിലിരുന്ന് പഠിക്കാൻ അവസരമൊരുങ്ങും.