വത്തിക്കാൻ : മഹാനായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമതസമ്മേളനത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഈ പരാമർശം. ലോകത്തിന് ഗുരു നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ മാർപാപ്പ പങ്കുവെച്ചു. ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ഗുരു രചിച്ച ‘ദൈവദശകം’ പ്രാർഥന സമ്മേളനത്തിന്റെ തുടക്കത്തിൽ ആലപിക്കും. ഫ്രാൻസിസ് മാർപാപ്പയുടെയും വിവിധ മതപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇന്ന് ദൈവദശകം വത്തിക്കാനിൽ മുഴങ്ങുക. ദൈവദശകം 100 ലോക ഭാഷകളിൽ മൊഴി മാറ്റി പ്രചരിപ്പിക്കുന്ന ‘ദൈവദശകം വിശ്വവിശാലയതിലേക്ക്’ പദ്ധതിയുടെ ഭാഗമായി 2017 ൽ ആണ് ഇറ്റാലിയൻ ഭാഷയിലേക്കു മൊഴി മാറ്റിയത്.
വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളിൽനിന്നുള്ള സമ്മേളന പ്രതിനിധികളുടെ സ്നേഹസംഗമത്തോടെയാണ് കഴിഞ്ഞ ദിവസം വത്തിക്കാൻ സിറ്റിയിൽ സർവമത സമ്മേളനത്തിന് തുടക്കമായത്. സമ്മേളനവേദിയിൽ ഇറ്റലിയിലെ ജനപ്രതിനിധികളും സമ്മേളന പ്രതിനിധികളും ഒത്തുചേരുന്ന മഹാമതപാർലമെന്റ് നടക്കും.