ഡല്‍ഹി: ശൈശവ വിവാഹ നിരോധന നിയമത്തിന് മേല്‍ വ്യക്തിനിയമങ്ങള്‍ക്കും പാരമ്ബര്യങ്ങള്‍ക്കും അധികാരം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. നിയമ നിര്‍മ്മാണത്തിന്റെ മുഴുവന്‍ ലക്ഷ്യവും കൈവരിക്കുന്നതിന് കോടതി നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. കുട്ടികള്‍ ഉള്‍പ്പെടുന്ന വിവാഹങ്ങള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നതായും നിയമം അക്ഷരംപ്രതി നടപ്പാക്കുന്നില്ലെന്നും ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതിരോധ തന്ത്രങ്ങള്‍ വ്യത്യസ്ത സമുദായങ്ങള്‍ക്ക് അനുയോജ്യമായിരിക്കണം. വിവിധ മേഖലകളുടെ ഏകോപനം ഉണ്ടായാലേ നിയമം വിജയിക്കൂ. നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പരിശീലനവും ശേഷി വര്‍ദ്ധിപ്പിക്കലും ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ശൈശവവിവാഹം തടയുന്നതിലും പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിലും അധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.