ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിലൂടെ ആകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ശുഭാൻഷു ശുക്ല. പരിശീലനത്തിന്റെ ഭാഗമായി അദ്ദേഹമിപ്പോൾ നാസയിലാണ്. പരിശീലനത്തിന്റെ ഭാഗമായി അദ്ദേഹം ഏപ്രിലിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, അത് അനിശ്ചിതമായി വൈകുമത്രെ. കാരണം ബഹിരാകാശ നിലതത്തിലുള്ള സുനിത വില്യംസിന്റെ മടക്കയാത്രയിലുള്ള അനിശ്ചിതത്വമാണ്. ശുക്ലയുടെ യാത്ര നിയന്ത്രിക്കുന്നത് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ആണ്. സുനിതയുടെ മടക്ക യാത്രയും അവർ തന്നെ. സുനിതയുടെ യാത്രക്കായി കരുതിവെച്ചിരിക്കുന്ന ക്രൂ-10 വാഹനത്തിന്റെ അറ്റകുറ്റ പണികൾ ഇനിയും അവസാനിക്കാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാർച്ച് അവസാനത്തോടെ മാത്രമേ സുനിതയുടെ മടക്കം സാധ്യമാകൂ. അങ്ങനെ വന്നാൽ, ശുക്ലയുടെ ആദ്യ ബഹിരാകാശ യാത്ര പിന്നെയും വൈകും. അത് ഗഗൻ യാൻ ദൗത്യത്തെയും ബാധിക്കും.