മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പഞ്ചായത്ത് നാലാം വാർഡിലെ വില്ലേജ് ഓഫീസ് – വെള്ളക്കാവ് – ആണ്ടൂർ റോഡ് തകർന്ന് തരിപ്പണമായിട്ട് മാസങ്ങൾ. കുഴിയിൽ നിന്ന് കുഴിയിലേക്ക് ചാടിച്ചാടിയുള്ള യാത്ര ഓഫ് റോഡ് യാത്രാനുഭവമാണ് ജനങ്ങൾക്ക് സമ്മാനിക്കുന്നത്. വഴിവിളക്കുകൾ ഇല്ലാത്തതു മൂലം കൂരിരുട്ടത് കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ മറിയുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമായിരിക്കുന്നു.
മഴ ആരംഭിച്ചതോടെ റോഡിന്റെ സ്ഥിതി കൂടുതൽ പരിതാപകരമായി. കനത്ത മഴയിൽ അവശേഷിച്ചിരുന്ന ടാറിങ് കൂടി ഒഴുകിപ്പോയി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നു. സ്ഥലത്തെ പാറ മടയിൽ നിന്ന് ലോഡുമായി വലിയ ടോറസ് ലോറികൾ നിരന്തരം പോകുന്നതാണ് റോഡിന്റെ വില്ലേജ് ഓഫീസ് മുതൽ വെള്ളാക്കാവ് വരെയുള്ള ഭാഗം തകരാൻ കാരണം.
വെള്ളക്കാവ് മുതൽ ആണ്ടൂർ ആനശ്ശേരി കവല വരെയുള്ള ഭാഗം ടാർ ചെയ്തിട്ട് പതിറ്റാണ്ടുകളായി. കാൽനട യാത്രപോലും സാധിക്കാത്ത വിധം ഇവിടം ആകെ നാശമായി കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് തവണയായി പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതിനിധീകരിക്കുന്ന വാർഡിലെ റോഡിനാണ് ഈ ദുർഗതി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജലവിഭവ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് റീ ടാറിങ് നടത്തുമെന്ന് പ്രഖ്യാപനം നടന്നിരുന്നു. പതിവുപോലെ ഈ പ്രഖ്യാപനവും ജലരേഖയായി. മഴ കനത്തതോടെ റോഡിന്റെ സ്ഥിതി ദയനീയമായി.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയും കോൺഗ്രസ് വാർഡ് കമ്മിറ്റിയും അധികൃതർക്ക് പരാതി കൊടുത്തിരുന്നു. എന്നാൽ റോഡ് നന്നാക്കുന്നതിന് പകരം, പരാതിക്കാർക്കെതിരെ അധികാരികൾ അപവാദപ്രചരണം നടത്തുകയാണ് എന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിൽ ഒരു പാറമട പ്രവർത്തിയ്ക്കുന്നതായും നാട്ടുകാർ പറയുന്നു.