ഇടുക്കി: ശമ്പളവും ഗ്രാറ്റിവിറ്റി, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാത്തതിനെ തുടർന്ന് അയ്യപ്പൻകോവില്‍ സുല്‍ത്താനിയ ഡോർലാന്റിലെ നെടുമ്പറമ്ബില്‍ ഏലംഎസ്റ്റേറ്റ് തൊഴിലാളികള്‍ പിടിച്ചെടുത്തു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 430 ഏക്കർ ഏലം എസ്റ്റേറ്റാണ് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം സംയുക്ത ട്രേഡ് യൂണിയൻറെ നേതൃത്വത്തില്‍ 430 ഏക്കർ തോട്ടം പിടിച്ചെടുത്ത് 325 പേർക്കു തുല്യമായി വീതിച്ചുനല്‍കി. കിട്ടാനുള്ള ശമ്പളവും, മറ്റാനുകൂല്യങ്ങളും നല്‍കുമ്ബോള്‍ തോട്ടം ഉടമക്ക് തിരിച്ചുനല്‍കും. അതുവരെ നല്ലരീതിയില്‍ സംരക്ഷിച്ച് ഉപജീവനം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം.
270 സ്ഥിരം തൊഴിലാളികളും 30 താത്കാലികക്കാരും 25 ഓഫീസ് ജീവനക്കാരുമാണ് എസ്റ്റേറ്റിലുള്ളത്. ശമ്ബള ഇനത്തില്‍ മാത്രം ഓരോരുത്തർക്കും 70,000 രൂപയോളം മാനേജ്മെന്റ് നല്‍കാനുണ്ട്. കൂടാതെ രണ്ടുവർഷത്തെ ബോണസ്, പിരിഞ്ഞ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, സർക്കാർ പുതുക്കി നിശ്ചയിച്ച ശമ്പളത്തിന്റെ കുടിശ്ശിക തുടങ്ങി വിവിധ ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്.
പലതവണ താലൂക്ക്, ജില്ലാ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയിട്ടും പരിഹാരമായില്ല. തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. അതിനിടെ തോട്ടത്തിന്റെ ഉടമകളായ തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജുവും കുടുംബവും സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലിലുമായി.
വർഷങ്ങളായി കരിമറ്റം മാനേജ്മെൻ്റിനു കീഴില്‍ ലാഭകരമായി, നന്നായി പ്രവർത്തിച്ചിരുന്ന എസ്റ്റേറ്റായിരുന്നു. 2016-ല്‍ നെടുമ്പറമ്പില്‍ മാനേജ്മെന്റ് വിലയ്ക്കുവാങ്ങിയതോടെയാണ് പ്രതിസന്ധി തുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു. ആറു കോടിയോളം രൂപ മാനേജ്മെൻ്റ് തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കള്‍ പറഞ്ഞു.