കൊച്ചി: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനു പത്തനംതിട്ട ജില്ലയിൽ കൊടുമണിലുള്ള പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമിയുടെ സാധ്യതകളും പരിഗണിക്കണമെന്ന്ഹൈക്കോടതി നിർദേശം. നിലവിൽ ഏറ്റെടുക്കാൻ ആലോചിക്കുന്ന ഭൂമിക്ക് പകരം പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ കൊടുമൺ ശബരി സാംസ്കാരിക സമിതി നൽകിയ ഹർജിയിലാണ്ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
ശബരിമല വിമാനത്താവളത്തിനായി എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള 1000.28 ഹെക്ടർ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റിന്റെ 2264.09 ഹെക്ടർ ഭൂമിയും ഏറ്റെടുക്കുമെന്നാണ് സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഈ ഭൂമി ഏറ്റെടുത്താൽ
നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും. 250ഓളം വീടുകളെ ബാധിക്കും. അതുപോലെ ഭൂമി ഏറ്റെടുക്കുന്നതിനും വലിയ തോതിൽ നഷ്ടപരിഹാരം നൽകണം. ആളുകൾ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കുന്നുമുണ്ട്. അതുപോലെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് ഹൈക്കോടതിയിലടക്കം വിവിധ കോടതികളിൽ കേസുകൾ നടക്കുന്നുമുണ്ടെന്ന് ഹർജിക്കാർ പറയുന്നു.
ഈ സാഹചര്യത്തിലാണ് കൊടുമണിലെ പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിമാനത്താവളത്തിനായി പരിഗണിക്കാനുള്ള ആലോചനകൾ വരുന്നത്. കൊടുമൺ എസ്റ്റേറ്റ് പരിഗണിച്ചാൽ വൻതോതിൽ ജനങ്ങളെ ബാധിക്കുന്ന രീതിയിൽ ഭൂമിയേറ്റെടുക്കൽ ഒഴിവാകും. എല്ലാ വശങ്ങളിലും അപ്രോച്ച് റോഡുള്ളതാണ് കൊടുമൺ എസ്റ്റേറ്റ്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും നികത്തേണ്ടതില്ല.എന്നാൽ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഏറ്റെടുത്താൽ പ്രകൃതി സ്രോതസ്സുകളെയും പൊതുജനങ്ങളെയും ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം മുഖ്യമന്ത്രിക്കു മുമ്പാകെയും സമർപ്പിച്ചിട്ടുണ്ട് എന്ന് ഹർജിക്കാർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്തുമ്പോൾ കൊടുമണിലെ പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമിയിലും നടത്തണമെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഈ സാധ്യതകൾ കൂടി പരിഗണിക്കാൻ നിർദേശിച്ച് കോടതി ഹർജിയിൽ തീർപ്പാക്കിയത്.



