പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കിഴക്കുവാര സ്വദേശി അശ്വലാൽ (22) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ റാന്നി മാടമണ്‍ കടവ് ക്ഷേത്രത്തോടു ചേര്‍ന്ന പ്രദേശത്തായിരുന്നു അപകടം. ബന്ധുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അശ്വലാൽ. കുളിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്, കൂടെയുണ്ടായിരുന്നവര്‍ അശ്വലാലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ട്. ഒഴുക്കില്‍പ്പെട്ട് കാണാതായ അശ്വലാലിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ക്കൊപ്പം ശനിയാഴ്ചയാണ് അശ്വലാൽ ശബരിമലയില്‍ എത്തിയത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



