ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു. വാരാന്ത്യം ആയതിനാല്‍ സന്നിധാനത്ത് ഇന്നും നാളെയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞദിവസം ഒരു ലക്ഷത്തില്‍ പരം ഭക്തര്‍ ദര്‍ശനം നടത്തി. മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് ദര്‍ശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിയുന്നത്. വെള്ളിയാഴ്ച 1,00,1 76 പേര് ദര്‍ശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴി 26, 570 പേരും പുല്ലുമേട് വഴി 4,731 തീര്‍ത്ഥാടകരും സന്നിധാനത്തെത്തി. തിരക്ക് വര്‍ധിക്കുമ്പോഴും സുഗമമായ ദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാത്രി മല കയറിയവര്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ദര്‍ശനം നടത്തിയത്. ഇന്നും 70000 പേര് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുണ്ട്. പ്രത്യേക പാസ് നിര്‍ത്തിയതോടെ കാനന പാത വഴി എത്തുന്നവരുടെ എണ്ണം കുറഞ്ഞത് മറ്റ് തീര്‍ത്ഥാടകര്‍ക്ക് സഹായമാകുന്നു. ശരണപാതയിലെ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും പടികയറ്റം വേഗത്തിലാക്കിയുമാണ് തിരക്ക് നിയന്ത്രണ വിധേയമാക്കുന്നത്. എഡിജിപി എസ്. ശ്രീജിത്തിന്റെ നിര്‍ദേശ പ്രകാരം ഇതിനായി 180 പോലീസ് ട്രെയിനികളെ കൂടി സന്നിധാനത്ത് അധികമായി നിയോഗിച്ചു. വലിയ നടപ്പന്തല്‍ മുതല്‍ മരക്കൂട്ടം വരെയുള്ള ഭാഗത്തെ തിരക്ക് നിയന്ത്രിക്കാനായാണ് ഇവരെ നിയോഗിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്താനാണ് സാധ്യത.



