കൊച്ചി: രക്തബന്ധത്തിലുള്ളവർക്ക് എതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡന പരാതികളിൽ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്കു കടക്കും മുൻപു പൊലീസ് അതീവ ശ്രദ്ധയും ജാഗ്രതയും കാണിക്കണമെന്നു ഹൈക്കോടതി. പോക്സോ നിയമത്തിന്റെ ദുരുപയോഗവും കള്ളപ്പരാതികളും കോടതി നടപടികളെ പോലും പ്രതിസന്ധിയിലാക്കുമെന്നും ഇക്കാര്യം പരിശോധിച്ച് സർക്കാർ മാർഗരേഖ ഉണ്ടാക്കണമെന്നും കോടതി പറഞ്ഞു.
സഹപാഠിയുമായുള്ള പ്രണയ ബന്ധത്തിനു തടസ്സം നിന്നതിനു പകരം വീട്ടാൻ, സ്കൂൾ വിദ്യാർഥിനി ബന്ധുക്കളായ 2 യുവാക്കളെ വ്യാജ ‘പോക്സോ’ കേസിൽ കുടുക്കിയതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു ജസ്റ്റിസ് സി.എസ്. ഡയസിന്റെ നിർദേശം. ഇരുപതും പത്തൊൻപതും വയസ്സുള്ള യുവാക്കൾ കള്ളക്കേസിൽ 68 ദിവസം തടവിൽ കഴിയേണ്ടി വന്നതോടെ പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി തന്നെ നേരിട്ടു കോടതിയിലെത്തി.
ഈ സാഹചര്യത്തിൽ കോടതി യുവാക്കൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സഹോദരി സ്ഥാനത്തുള്ള കുട്ടിക്കു നന്മ വരാൻ ഇടപെട്ടതിന്റെ പേരിൽ ചെറുപ്രായത്തിൽ തടവ് അനുഭവിക്കേണ്ടിവന്ന യുവാക്കൾക്കു സർക്കാർ ചെലവിൽ കൗൺസലിങ് നൽകാനും കോടതി നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്നു സംരക്ഷിക്കാനുള്ള ‘പോക്സോ’ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ് എന്നു കോടതി പറഞ്ഞു.
കുടുംബ തർക്കങ്ങളിലും പിതാവിനെതിരെ കുട്ടികളെ കൊണ്ട് കള്ളപ്പരാതി കൊടുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ കള്ളപ്പരാതി നൽകിയാലും നടപടിയിൽ നിന്നു സംരക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പക്ഷേ, ഇത്തരം കള്ളപ്പരാതിയിൽ അന്യായമായി തടവിൽ കഴിയേണ്ടി വരുന്നവരുടെ ദുരിതത്തിനും മനോവ്യഥയ്ക്കും ആര് നഷ്ടപരിഹാരം നൽകുമെന്നു കോടതി ചോദിച്ചു. ഇക്കാര്യം സർക്കാർ തലത്തിൽ വിശദമായി പരിശോധിക്കണം.
യുവാക്കളിൽ ഒരാൾ 2017ലും മറ്റൊരാൾ 2023ലും ലൈംഗികാതിക്രമം നടത്തിയതായി പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് എറണാകുളം ജില്ലയിലെ തടിയിട്ടപ്പറമ്പ് പൊലീസാണു കേസെടുത്തത്. കഴിഞ്ഞ മേയ് 30നായിരുന്നു അറസ്റ്റ്. തന്റെ പ്രണയ ബന്ധത്തെ കുറിച്ച് അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിൽ കള്ളക്കേസ് നൽകിയതാണെന്നു പെൺകുട്ടി കോടതിയിൽ പറഞ്ഞു. വീട്ടിൽ പൊലീസ് എത്തിയപ്പോഴാണു പരാതി നൽകിയ കാര്യം അറിഞ്ഞതെന്നു പെൺകുട്ടിയുടെ വീട്ടുകാരും അറിയിച്ചു.