തിരുവനന്തപുരം: വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). മെഡിക്കല്‍ കൗണ്‍സില്‍ നൈതിക ചട്ടങ്ങള്‍ പ്രകാരം ഡോക്ടര്‍മാര്‍ അവരുടെ ബോര്‍ഡുകള്‍, കുറിപ്പടികള്‍, സീലുകള്‍ മുതലായവയില്‍ അംഗീകൃത ബിരുദങ്ങളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നമ്പറും ഉള്‍പ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നു ഐഎംഎ അറിയിച്ചു. ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ജോലിക്ക് നിയോഗിക്കുമ്പോള്‍ അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയും മുന്‍കാല പരിചയവും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് മാനേജ്മെന്റുകളുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്.
നിലവില്‍ 33 മെഡിക്കല്‍ കോളജുകളുള്ള കേരളത്തില്‍ വിദേശ സര്‍വകലാശാലകളില്‍ നിന്നടക്കം വര്‍ഷം ഏഴായിരത്തിലധികം എംബിബിഎസ്. ബിരുദധാരികള്‍ പഠിച്ചിറങ്ങുന്നു. എന്നിട്ടും വ്യാജന്‍മാരെയും മുറി വൈദ്യന്മാരെയും വെച്ചു ചികിത്സ നടത്തുന്നത് വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ലെന്നും ഐഎംഎ പറഞ്ഞു.