Wednesday, February 11, 2026
No menu items!
Homeവാർത്തകൾവൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

വൈക്കം: സ്ഥലം പോക്കുവരവ്‌ ചെയ്യാൻ പ്രവാസിയിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടയിൽ ഡെപ്യൂട്ടി തഹസിൽദാറെ വിജിലൻസ് അറസ്റ്റുചെയ്തു. വൈക്കം താലൂക്ക് ഓഫീസിലെ എൽആർ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ഉല്ലല ആലത്തൂർ സ്വദേശി ടി.കെ. സുഭാഷ്കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി . ആർ .രവികുമാറിന്റെ നേതൃത്വത്തിൽ സി ഐ മഹേഷ് പിള്ള, എസ് ഐ വി.എം.ജയ്മോൻ, സ്റ്റാൻലി തോമസ്, പി.എൻ. പ്രദീപ്, രാജേഷ്, അരുൺ ചന്ദ്, രഞ്ജിനി, മായാലക്ഷ്മി, ജാൻസി എന്നിവരുൾപ്പെട്ട സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മുളക്കുളം സ്വദേശിയായ പ്രവാസി ഭാര്യയുടെ പേരിലുള്ള 24 സെൻ്റ് സ്ഥലം പോക്കുവരവ് ചെയ്യാൻ മുളക്കുളം വില്ലേജിൽ അപേക്ഷ നൽകിയെങ്കിലും മുൻ ആധാരമില്ലാത്തതിൻ്റ പേരിൽ 11 സെൻ്റ് സ്ഥലം മാത്രമേ പോക്കുവരവ് ചെയ്യാനായുള്ളു. വില്ലേജ് ഓഫീസ് അധികൃതരുടെ നിർദേശപ്രകാരം ശേഷിച്ച സ്ഥലത്തിൻ്റെ പോക്കുവരവിനായി പ്രവാസി കഴിഞ്ഞ എട്ടിന് വൈക്കം താലൂക്ക് ഓഫീസിലേക്ക് അക്ഷയ മുഖേന അപേക്ഷ നൽകി. 11 ന് താലൂക്ക് ഓഫീസിൽ പ്രവാസി പോക്കുവരവ് വിഭാഗത്തിലെത്തിൽ എത്തിയപ്പോൾ സെക്ഷനിൽ സുഭാഷ് കുമാറായിരുന്നു. പെട്ടെന്ന് പോക്കുവരത്ത് ചെയ്ത് തരാമെന്ന് പറഞ്ഞ് ഇദ്ദേഹം ഫോൺ നമ്പർ നൽകി.പിന്നീട് അപേക്ഷകനായ പ്രവാസി 16 വന്നപ്പോൾ പോക്കുവരവ് ചെയ്യാൻ ചെലവുണ്ടെന്നും 60,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ പ്രവാസി 25000 രൂപ നൽകാമെന്നായി.17ന് പണം ഗൂഗിൾ പേ വഴി നൽകാനും ആവശ്യപ്പെട്ടു. അതേസമയം പ്രവാസികൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലൻസിനെ അറിയിച്ചു. വിജിലൻസ് പരാതി സ്വീകരിച്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇന്ന് താലൂക്ക് ഓഫീസിലെത്തിയ പ്രവാസിയോട് ഡെപ്യൂട്ടി തഹസിൽദാർ പണം അക്കൗണ്ടിലേക്ക് ഇടാൻ ആവശ്യപ്പെട്ടു. ഗൂഗിൾ പേ വഴി പണമയക്കാൻ അറിയില്ലെന്ന് പ്രവാസി പറഞ്ഞപ്പോൾ എ ടി എം വഴി പണം നിക്ഷേപിക്കാൻ പറഞ്ഞു. തനിക്ക് പണം ഡിപ്പോസിറ്റ് ചെയ്യാൻ അറിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞതിനെ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ പരാതിക്കാരനൊപ്പം എ ടി എം കൗണ്ടറിലെത്തി 25000 രൂപ കൈമാറുന്നതിനിടയിൽ വിജിലൻസ് എത്തി അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments