വേമ്പനാട്ടുകായൽ ഓർഗാനിക് കാർബണിൻ്റെ ഖനിയായിയെന്ന് ഡാേ : കെ.ജി. പദ്മകുമാർ പറഞ്ഞു. വേമ്പനാട്ടുകായൽ അതിജീവന രംഗത്ത് ഏറെ പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വേമ്പനാട്ട് കായലിൻ്റെ സംരക്ഷണപരിപാടികൾ ചർച്ചചെയ്യുന്നതിനായി കുമരകം നേച്ചർ ക്ലബ്ബ്, സ്റ്റേറ്റ് വെറ്റ്ലാൻ്റ് അതോറിറ്റി കേരള, കോട്ടയം കൃഷിവിജ്ഞാന കേന്ദ്രം എന്നിവയുമായി ചേർന്ന് നടത്തിയ അക്കാദമി സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുൻ ആർ എ ആർ എസ് മുൻ മേധാവി.
വേമ്പനാട്ടുകായലിൻ്റെ ജൈവിക സ്വഭാവം നിലനിർത്തിയുള്ള സംരക്ഷണ പ്രവർത്തനമാണ് അഭികാമ്യം എന്ന് അദ്ദേഹം പറഞ്ഞു. യന്ത്രവൽകൃത സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ആഴം കൂട്ടൽ കായലിൻ്റെ ആവാസവ്യവസ്ഥയെ തകർത്തേക്കാം പരമ്പരാഗതരീതിയിൽ കട്ട കുത്തി എടുത്ത് അതുകൊണ്ട് തീരങ്ങളിൽ ബണ്ടുകൾ നിർമ്മിച്ച് വ്യാപകമായി കണ്ടൽ ചെടികൾ നട്ടു പിടിപ്പിക്കണം. ഇതു ടൂറിസം വളർത്തുകയും മത്സ്യസമ്പത്തു വർദ്ധിപ്പിക്കുകയും ചെയ്യും. ഈ പ്രവർത്തിചെയ്യുന്ന തൊഴിലാളികൾക്ക് സബ്സിഡി കൊടുത്തു പ്രോത്സാഹിപ്പിക്കണമെന്നു അദ്ദേഹം നിർദ്ദേശിച്ചു. സ്റ്റേറ്റ് വെറ്റ്ലാൻ്റ് അതോറിറ്റി ജോയിൻ്റ് ഡയറക്ടറും റാംസർ സൈറ്റ് മാനേജരുമായ ജോൺ.സി. മാത്യു മുഖ്യപ്രഭാഷണം നടത്തി. വേമ്പനാട്ടുകായൽ സംരക്ഷണത്തിനായി റാംസർ പ്രോട്ടോക്കോൾ മാനിച്ചു കൊണ്ട് പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ നിർദ്ദേശങ്ങൾ തൻ്റെ പ്രസംഗത്തിലൂടെ അദ്ദേഹം മുന്നോട്ടുവച്ചു.
പാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് കോട്ടയം ഡെപ്യൂട്ടിപ്ലാനിംഗ് ഓഫീസർ പി എ. അമാനത്ത്, ഐ എൽ ഡി ആർ എസ് പ്രസിഡൻ്റ് എം. മനോഹരൻ, ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽ സ് ആൻ്റ് റിസോർട്സ് രക്ഷാധികാരി അഡ്വ. സലിം എം.ദാസ്, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി. എസ്.ഡേവിഡ്, ജലഗതാഗതവകുപ്പ് റിട്ടയേർഡ് ട്രാഫിക്സൂപ്രണ്ട് വി.ജിശിവദാസ് എന്നിവർ സംസാരിച്ചു.
അഞ്ച്പഞ്ചായത്തുകളെയും സന്നദ്ധസംഘടനകളേയും പ്രതിനിധീകരിച്ച്എത്തിയ പ്രതിനിധികൾ ഗൗരവമേറിയ ആശയങ്ങൾ ചർച്ചയിലൂടെ പങ്കുവച്ചു. കെ.വി.കെ മേധാവി ഡോ. ജി.ജയലക്ഷമി മോഡറേറ്റർ ആയിരുന്നു. കുമരകം നേച്ചർ ക്ലബ്ബ് ബുള്ളറ്റിൻ ഡോ. പത്മകുമാർ പ്രകാശനം ചെയ്തു. നേച്ചർ ക്ലബ്ബ് പ്രസിഡൻ്റ് എബ്രഹാം കെ ഫിലിപ്പ് ബുള്ളറ്റിൻ ഏറ്റുവാങ്ങി. കുട്ടനാട്ടിലെ കൃഷി ഏകീകരിച്ചു കൊണ്ട് തണ്ണീർമുക്കം ബണ്ട് അടച്ചിടുന്ന കാലയളവ് കുറച്ചു കൊണ്ടു വരുന്നതിനു നടപടിയുണ്ടാകണമെന്നും അതിനായി കൃത്യമായി പാലിക്കുന്ന ഒരു കാർഷിക കലണ്ടർ തയ്യാറാക്കി നടപ്പാക്കണം, ബണ്ട് പരീക്ഷണാർത്ഥം രണ്ട് വർഷത്തേക്കു തുറന്നിടാൻ കഴിയുമോ എന്നു പരിശോധിച്ചു നോക്കണമെന്ന തീരുമാനത്തിൽ എത്തിചേർന്നു. നേച്ചർ ക്ലബ്ബ് സെക്രട്ടറി ടി.യു. സുരേന്ദ്രൻ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി കെ. ജി.ബിനു നന്ദിയും പറഞ്ഞു.