കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള എല്ലാ ഭാരവാഹികളെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും കേരള ഹൈക്കോടതി അയോഗ്യരാക്കി. കമ്പനി നിയമത്തിലെ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റിസ് ടി.ആർ. രവി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വെള്ളാപ്പള്ളിയെ കൂടാതെ തുഷാർ വെള്ളാപ്പള്ളി, എം.എൻ. സോമൻ, സന്തോഷ് (അരയക്കണ്ടി സന്തോഷ്) എന്നിവരെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്. പ്രൊഫസർ എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഈ നടപടി.
കമ്പനി നിയമം 2013-ലെ സെക്ഷൻ 164(2) പ്രകാരം, തുടർച്ചയായി മൂന്ന് വർഷം സാമ്പത്തിക രേഖകളോ വാർഷിക റിട്ടേണുകളോ സമർപ്പിക്കാത്ത കമ്പനിയുടെ ഡയറക്ടർമാർക്ക് അടുത്ത അഞ്ച് വർഷത്തേക്ക് പുനർനിയമനത്തിന് അർഹതയുണ്ടാവില്ല.
എസ്എൻഡിപി യോഗം 2006-07 മുതൽ 2016-17 വരെയുള്ള റിട്ടേണുകൾ 2020-ലാണ് സമർപ്പിച്ചതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (DIN) സംബന്ധിച്ച ചട്ടങ്ങൾ പാലിച്ചില്ലെന്നും കോടതി കണ്ടെത്തി. 112 പേജുള്ള വിധിന്യായത്തിലാണ് കോടതി ഈ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
യോഗത്തിന്റെ ഭരണം തുടരുന്നതിനായി ആവശ്യമായ എണ്ണം ഡയറക്ടർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. എത്രയും വേഗം പൊതുയോഗം വിളിച്ച് തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിക്കണം.
അയോഗ്യരായ ഭാരവാഹികൾ ആ പദവിയിൽ തുടർന്നതിന് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ രജിസ്ട്രേഷൻ ഐജിക്ക് കോടതി നിർദ്ദേശം നൽകി. റിട്ടേൺ ഫയൽ ചെയ്യുന്നതിലെ താമസം സർക്കാർ ഇളവ് ചെയ്തിട്ടുണ്ടെന്ന വെള്ളാപ്പള്ളിയുടെ വാദം കോടതി തള്ളി.
സാനുവിനെ കൂടാതെ അരുവിപ്പുറം എസ്എൻഡിപി യോഗത്തിലെ അംഗങ്ങളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. നേരത്തെ രജിസ്ട്രേഷൻ ഐജി നൽകിയ ഇളവ് ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഡയറക്ടർമാരുടെ അയോഗ്യത മാറ്റാൻ കേന്ദ്ര സർക്കാരിന്റെ പ്രത്യേക സ്കീമുകൾക്ക് (CFSS) സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി വ്യവസായി ഗോകുലം ഗോപാലൻ പറഞ്ഞു. ഇത് തുടക്കം മാത്രമാണെന്നും വെള്ളാപ്പള്ളിക്കെതിരെ ഇനിയും നിരവധി കേസുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ എതിർത്തതിന്റെ പേരിൽ വെള്ളാപ്പള്ളി തന്നെ ഒരുപാട് വേട്ടയാടിയിട്ടുണ്ടെന്നും സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തി പുതിയ സമിതി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധി പുറത്തുവന്നതോടെ എസ്എൻഡിപി യോഗത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങൾക്ക് സാധ്യത തെളിഞ്ഞിരിക്കുകയാണ്



