തിരുവനന്തപുരം: വെള്ളറടയില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍. വെള്ളറട ചെറുകര വിളാകത്താണ് കരടിയെ കണ്ടത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് ഇക്കാര്യം അറിയിച്ചത്. ആനപ്പാറ പെട്രോള്‍ പമ്പിന്റെ മുന്നിലെ സിസിടിവിയില്‍ കരടിയുടേതിന് സാദൃശ്യമുള്ള ദൃശ്യങ്ങള്‍ പതിഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരടിയുടെ സാന്നിധ്യമുണ്ടെങ്കില്‍ കൂട് സ്ഥാപിക്കുമെന്ന് പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. അതേസമയം ഇതുവരെ കാല്‍പ്പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ ക്വാറി, കുറ്റിക്കാടുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും.