ചേരാനല്ലൂർ: എട്ടു ദിവസമായിട്ടും കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് 25- ഓളം കുടുംബങ്ങൾ നെട്ടോട്ടത്തിൽ. ചേരാനല്ലൂർ പതിനാലാം വാർഡിലെ പള്ളിക്കവലയ്ക്ക് സമീപമുള്ള 25- ഓളം വീടുകളിലാണ് കുടിവെള്ളം എത്താത്തത്. കഴിഞ്ഞയാഴ്ച ചിറ്റൂർ മേഖലയിലെ അറ്റകുറ്റപ്പണികൾക്കായി കുടിവെള്ള വിതരണം നിർത്തിവെച്ചിരുന്നു. ഇത് പുന:സ്ഥാപിച്ചെങ്കിലും പള്ളിക്കവല ഭാഗത്തെ ഒരു മേഖലയിൽ മാത്രം വീടുകളിലേക്ക് വെള്ളം എത്തിയിട്ടില്ല.
പലതവണ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് വാർഡ് മെമ്പർ ഷൈമോൾ . എന്താണ് തകരാറെന്ന് ഇതുവരെയും കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ അതോറിറ്റി ഓവർസിയർ സ്ഥലത്ത് എത്തിയെങ്കിലും തുടർ നടപടിയില്ല. അറ്റകുറ്റപ്പണി നടത്താനോ തകരാർ പരിശോധിക്കാനോ നിലവിൽ തൊഴിലാളികൾ ഇല്ലെന്നാണ് പറയുന്നത്. അറ്റകുറ്റപ്പണിയുടെ കരാർ എടുത്തിരിക്കുന്നവരുടെ ഉത്തരേന്ത്യൻ തൊഴിലാളികൾ ദീപാവലി പ്രമാണിച്ച് നാട്ടിൽ പോയിരിക്കുകയാണ്. അതിനാൽ പ്രശ്നം കണ്ടെത്തി പരിഹരിക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് അറിയുന്നത്. ഈ മേഖലയിൽ ഭൂജലം മോശമായതിനാൽ കിണറുകളിലെയും മറ്റും വെള്ളം ഉപയോഗിക്കാൻ കഴിയില്ല. ഇതേത്തുടർന്ന് ടാങ്കറുകളിൽ വെള്ളം എത്തിച്ചാണ് ഭൂരിഭാഗം വീട്ടുകാരും കഴിയുന്നത്. മെമ്പർ ഇടപെട്ട് വീടുകളിലേക്ക് 500 ലിറ്റർ വെള്ളം വീതം ഒന്നിടവിട്ട ദിവസം ടാങ്കറിൽ എത്തിക്കുന്നുമുണ്ട്. കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിക്കാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.