Saturday, August 2, 2025
No menu items!
Homeവാർത്തകൾവെളുത്ത പുതപ്പുപോലെ കനത്ത മൂടൽമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി

വെളുത്ത പുതപ്പുപോലെ കനത്ത മൂടൽമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി

ഡൽഹി : വെളുത്ത പുതപ്പുപോലെ കനത്ത മൂടൽമഞ്ഞിൽ ശ്വാസംമുട്ടി രാജ്യതലസ്ഥാനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുപ്രകാരം രാവിലെ 6ന് വായു ഗുണനിലവാര സൂചിക (എക്യുഐ) 432 ആയി. ഇത് ‘ഗുരുതര’ വിഭാഗത്തിലാണ്. കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചദൂരം കുറയുന്നതിനാൽ ഡൽഹിയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകളെ ബാധിക്കുമെന്നു റിപ്പോർട്ടുണ്ട്.പഞ്ചാബിലെ അമൃത്‌സർ, പഠാൻകോട്ട് വിമാനത്താവളങ്ങളിൽ പുലർച്ചെ 5.30നും ഉത്തർപ്രദേശിലെ ഗൊരഖ്പൂർ വിമാനത്താവളത്തിൽ രാവിലെ ഏഴോടെയും കാഴ്ചദൂരം പൂജ്യമാണു രേഖപ്പെടുത്തിയത്. ‘ശൈത്യകാല മൂടൽമഞ്ഞ്’ കാരണം ചില വിമാനങ്ങൾ വൈകിയേക്കാമെന്നും യാത്രക്കാർ ശ്രദ്ധിക്കണമെന്നും ഇൻഡിഗോ വിമാനക്കമ്പനി എക്സിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിലെ വായു മലിനീകരണത്തിൽ വലിയ വർധനയാണു രേഖപ്പെടുത്തിയത്. 36 നിരീക്ഷണ കേന്ദ്രങ്ങളിൽ 30 എണ്ണത്തിലും വായു ഗുണനിലവാര സൂചിക ‘ഗുരുതര’ വിഭാഗത്തിലാണ്.

ഡൽഹിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള ചണ്ഡിഗഡിലും 415 എന്ന എക്യുഐ ആണു രേഖപ്പെടുത്തിയത്. ഡൽഹിയുടെ പരിസര പ്രദേശങ്ങളായ ഗാസിയാബാദ് (എക്യുഐ–378), നോയിഡ (372), ഗുരുഗ്രാം (323) എന്നിവിടങ്ങളിലും മൂടൽമഞ്ഞ് വ്യാപിച്ചിട്ടുണ്ട്. ‘വളരെ മോശം’ വിഭാഗത്തിലേക്ക് ഇവിടത്തെ വായുനിലവാരം താഴ്ന്നു. ഇത്തരം വായു ദീർഘകാലം ശ്വസിച്ചാൽ ശ്വസന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. കനത്ത കാറ്റിനെത്തുടർന്നു മലിനീകരണ സാന്ദ്രതയും എക്യുഐയും ഇന്നുമുതൽ കുറയുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് ആശ്വാസകരമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം മൂടൽമഞ്ഞും വായുമലിനീകരണവും രൂക്ഷമാണ്. മഞ്ഞിന്റെ വെള്ളപ്പുതപ്പ് മഹാരാഷ്ട്ര, മധ്യപ്രദേശ് വരെ വ്യാപിച്ചു കിടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. കിഴക്കൻ ദിക്കിൽ, ഇത് മധ്യ ഉത്തർപ്രദേശിന് അപ്പുറം വരെ നീണ്ടുകിടക്കുന്നുണ്ട്. ദീപാവലിക്കു തൊട്ടുമുൻപു പ്രത്യക്ഷപ്പെട്ട മൂടൽമഞ്ഞ് ഡിസംബർ അവസാനത്തോടെ ശക്തമാവുകയും ജനുവരി മുഴുവൻ തുടരുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments