ചെറുതോണി: വന്യജീവി ശല്യവും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് കൃഷിയിറക്കിയ കാന്തല്ലൂരിലെ വെളുത്തുള്ളി കര്‍ഷകര്‍ക്ക് ഇത്തവണ പൊന്നോണക്കാലം. മികച്ച വിലയും മികച്ച വിളവും കര്‍ഷകര്‍ക്ക് ആശ്വാസമായി. കിലോയ്ക്ക് ശരാശരി 400 രൂപക്ക് മുകളിലാണ് ആദ്യമായി വിപണിയിലെത്തിച്ച വെളുത്തുള്ളിക്ക് ലഭിച്ചത്. ഇതിലെ തൈലത്തിലെ അളവും ഗന്ധവും മറ്റ് മേഖലയില്‍നിന്നുള്ള വെളുത്തുള്ളിയേക്കാളും കൂടുതലായതിനാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും ആവശ്യക്കാര്‍ കൂടുതലാണ്.
ഭൗമസൂചിക പദവി ലഭ്യമായതോടെ കാശ്മീര്‍, ഉത്തരാഖണ്ഡ് പോലുള്ള പ്രദേശങ്ങളിലേക്കും കാന്തല്ലൂര്‍ വെളുത്തുള്ളി വിത്തിനായി കൊണ്ടുപോകാന്‍ ആവശ്യക്കാര്‍ ഏറിയതാണ് വെളുത്തുള്ളി വില 400 കടക്കാന്‍ കാരണമായതെന്ന് കര്‍ഷകരാനായ പെരുമല സ്വദേശി രാമർ പറയുന്നു. കാട്ടാനയും കനത്തമഴയും പരമാവധി പ്രശനങ്ങള്‍ സൃഷ്ടിച്ചതിനാല്‍ ഇത്തവണ ഓണക്കാലത്ത് കാന്തല്ലൂര്‍ പച്ചക്കറികള്‍ വളരെ കുറവായി മാത്രമേ വിപണിയിലേക്ക് എത്തുകയുള്ളൂ.
കാന്തല്ലൂരില്‍ ഇത്തവണ ഏറ്റവും അധികം കൃഷി ചെയ്തിരിക്കുന്നത് വെളുത്തുള്ളിയാണ്. ഓണക്കാലത്തിന് മുന്‍പ് വിളവെടുത്ത വെളുത്തുള്ളിക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കിലോഗ്രാമിന് തരം അനുസരിച്ച് 310 മുതല്‍ 450 രൂപ വരെ ലഭിക്കുന്നു. കാന്തല്ലൂര്‍ വെളുത്തുള്ളിക്ക് തമിഴ്നാട്ടിലാണ് ഏറ്റവും അധികം വില ലഭിക്കുന്നത്. കാന്തല്ലൂരില്‍ വിളയുന്ന മലപ്പൂണ്ട് എന്നറിയപ്പെടുന്ന ഇനം വെളുത്തുള്ളിക്കാണ് മാര്‍ക്കറ്റില്‍ ഏറ്റവും അധികം ആവശ്യക്കാരുള്ളത്. കാന്തല്ലൂരില്‍നിന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെളുത്തുള്ളി മാര്‍ക്കറ്റായ തമിഴ്നാട്ടിലെ വടുകപ്പെട്ടിയിലാണ് കര്‍ഷകര്‍ എത്തിച്ച് വില്‍പ്പന നടത്തുന്നത്.
ഒരേക്കറില്‍നിന്നും കര്‍ഷകര്‍ക്ക് ശരാശരി 3.5 ടണ്‍ മുതല്‍ 4.5 ടണ്‍ വരെ വിളവ് ലഭിക്കും. കാന്തല്ലൂരില്‍ എത്തുന്ന വിനോദസഞ്ചാരികളും തോട്ടങ്ങളില്‍നിന്നും മികച്ച വില നല്‍കി വെളുത്തുള്ളി വാങ്ങാറുള്ളതിനാല്‍ വലിയൊരു ശതമാനം ഇത്തരത്തില്‍ വില്‍പ്പന നടന്നും പോകുന്നതായി കര്‍ഷകര്‍ പറയുന്നു.
കാന്തല്ലൂരില പെരുമല, പുത്തൂര്‍, ഗുഹനാഥപുരം എന്നിവടങ്ങളിലാണ് ഏറ്റവും അധികം കൃഷി നടക്കുന്നത്. ഇപ്പോള്‍ വിളവെടുത്ത വെളുത്തുള്ളി പുതയിട്ടിരിക്കുകയാണ്, ഇവ മുറിച്ചെടുത്ത് സെപ്റ്റംബര്‍ ആദ്യ ആഴ്ചയോടെ ടണ്‍കണക്കിന് വെളുത്തുള്ളി വിപണിയിലെത്തും.