ചെറുതോണി: മലയോര ഹൈവേ നിർമാണത്തിനായി കെട്ടിടങ്ങൾ പൊളിക്കുന്നതിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്തിൽ വീണ്ടും ആശയക്കുഴപ്പം.
ചപ്പാത്ത് ടൗൺ പ്രദേശത്ത് റോഡിനും ഓടയ്ക്കും ആവശ്യമായ വീതിയിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഇപ്പോഴും കരാറുകാർ തയാറായിട്ടില്ല. ചപ്പാത്ത് സിറ്റിയിലെ കലുങ്ക് പൊളിച്ചു പണിയുന്നതടക്കമുള്ള നിർമാണ പ്രവൃത്തികൾ അകാരണമായി നീളുകയാണ്. മലയോര ഹൈവേയുടെ രണ്ടാം ഘട്ട നിർമാണം അവസാന ഘട്ടത്തിലേക്കടുക്കുമ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ചപ്പാത്ത് സിറ്റിയിലെ കലുങ്ക് പൊളിച്ച് പുതിയത് പണിയണമെന്ന നിർദേശം. എന്നാൽ നാളിതുവരെ കരാറുകാർ കലുങ്കിന്റെ നിർമാണം ആരംഭിച്ചിട്ടില്ല. ടൗണിൽ റോഡിന് ആവശ്യമായ വീതി എടുക്കുന്നുണ്ടെങ്കിലും വശങ്ങളിലെ ഓട നിർമാണം മതിയായ വീതിയിൽ അല്ലെന്ന് ആക്ഷേപം
ഉയർന്നിട്ടുണ്ട്. നിലവിൽ പോസ്റ്റ് ഓഫീസ് ഭാഗത്ത് ഓട നിർമാണത്തിനായി മണ്ണ് മാറ്റിയിട്ടുണ്ട്. കോൺക്രീറ്റ് ഇട്ട് നിർമിക്കുന്ന ഓട മഴക്കാലത്ത് സിറ്റിയിൽ വലിയ വെള്ളമൊഴുക്കിന് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
നിർമാണത്തിന് ആവശ്യമായ വീതിയിൽ കടകൾ പൊളിച്ചു നീക്കാനാവാത്തതാണ് ഇത്തരത്തിൽ നിർമാണം നടത്താൻ നിർബന്ധിതരാകുന്നതെന്നാണ് കരാറുകാരുടെ വാദം. മലയോര ഹൈവേ നിർമാണം നടന്ന കുട്ടിക്കാം-കട്ടപ്പന റൂട്ടിൽ എല്ലാ ചെറു സിറ്റികളും വീതി കൂട്ടി മുഖം മിനുക്കിയപ്പോൾ ചപ്പാത്തിൽ വികസനം ഇല്ലാത്ത അവസ്ഥയാണ്. റോഡിനും ഓടയ്ക്കും ആവശ്യത്തിന് വീതി ലഭിച്ചാൽ സിറ്റിയിൽ ഗതാഗത കുരുക്കില്ലാതെ യാത്ര സാധ്യമാകും.
ഒപ്പം സിറ്റിയിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഓട്ടോറിക്ഷാ- ടാക്‌സി സ്റ്റാൻ്റിനും പ്രത്യേകം സ്ഥലമുണ്ടാകും. മലയോര ഹൈവേ വന്നാലും ചപ്പാത്ത് വീണ്ടും കുരുക്കിൽ കുടുങ്ങി തന്നെ കിടക്കും.



