തിരുവനന്തപുരം: വിവാഹ വേളയില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് പ്രത്യേക നികുതിയിളവുണ്ട് . വിവാഹ സമയത്ത് വധുവിനും വരനും ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക്, അത് അടുത്ത ബന്ധുക്കളില്‍ നിന്നായാലും സുഹൃത്തുക്കളില്‍ നിന്നായാലും നികുതി നല്‍കേണ്ടതില്ല. സാധാരണ ഗതിയില്‍, അടുത്ത ബന്ധുക്കളല്ലാത്തവരില്‍ നിന്ന് ഒരു വര്‍ഷം 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ ലഭിച്ചാല്‍, ആ തുകയ്ക്ക് മുഴുവനായും നികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍ വിവാഹ സമ്മാനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല
സാധാരണ സന്ദര്‍ഭങ്ങളില്‍, മാതാപിതാക്കള്‍, ജീവിതപങ്കാളി, സഹോദരങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ വീട്ടുകാര്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ക്കു മാത്രമേ നികുതി ഇളവ് ലഭിക്കൂ. എന്നാല്‍, വിവാഹ വേളയില്‍ പണമായോ അല്ലാതെയോ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക്, ബന്ധുക്കളല്ലാത്തവരില്‍ നിന്ന് ലഭിച്ചാല്‍ പോലും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2)(x) പ്രകാരം നികുതി ഇളവുണ്ട്. ഈ വ്യവസ്ഥയുടെ ചില വശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
സമ്മാനം വിവാഹ ദിവസം തന്നെ ലഭിച്ചാലേ ഇളവ് ലഭിക്കൂ എന്ന ചോദ്യം ഉയരാറുണ്ട്. വിവാഹത്തിന് മുമ്പോ, വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമോ സമ്മാനം ലഭിച്ചാലും ഇളവ് ക്ലെയിം ചെയ്യാം. വിവാഹം കഴിഞ്ഞ് 10-15 ദിവസത്തിനുള്ളില്‍ ലഭിച്ച സമ്മാനങ്ങള്‍ക്ക് ഇളവ് ലഭിക്കുമെന്ന് മുംബൈ ട്രൈബ്യൂണല്‍ ഒരു കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 11 മാസങ്ങള്‍ക്ക് ശേഷം ലഭിച്ച സമ്മാനത്തിന് പോലും ഒരു കേസില്‍ ഇളവ് ലഭിച്ചു! . കൃത്യമായ സമയത്തേക്കാള്‍, സമ്മാനം നല്‍കിയതിലെ ഉദ്ദേശ്യമാണ് നികുതി വകുപ്പിന് പ്രധാനം



