തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് വലിയ കപ്പല്‍ കമ്പനിയായ ‘സാൻഫെർണാണ്ടോ’ വിഴിഞ്ഞം തീരത്തെത്തി. വാട്ടര്‍സല്യൂട്ടോടെ സ്വീകരണം നടത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാന്‍ ഫെര്‍ണാണ്‍ഡോ.
ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്. മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റൻ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽനിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥർ ടഗിലുണ്ടായിരുന്നു. രാവിലെ 7.15 ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്.
സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട് എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. മാർഷൽ ദ്വീപ് പതാകയേന്തിയ കപ്പൽ ജൂലൈ 2നാണ് സിയാമെനിൽനിന്ന് പുറപ്പെട്ടത്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.
വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും.



