Monday, July 7, 2025
No menu items!
Homeവാർത്തകൾ'വിഴിഞ്ഞം കോണ്‍ക്ലേവ് 2025' ജനുവരി 28, 29 ന്; 300 പ്രതിനിധികളും അമ്പതിലധികം നിക്ഷേപകരും പങ്കെടുക്കും

‘വിഴിഞ്ഞം കോണ്‍ക്ലേവ് 2025’ ജനുവരി 28, 29 ന്; 300 പ്രതിനിധികളും അമ്പതിലധികം നിക്ഷേപകരും പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാന്‍ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ വകുപ്പുമന്ത്രി പി രാജീവ്. ജനുവരി 28, 29തീയതികളില്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ‘വിഴിഞ്ഞം കോണ്‍ക്ലേവ് 2025’ല്‍ 300 പ്രതിനിധികളും അന്‍പതിലധികം നിക്ഷേപകരും പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖങ്ങളുമായി ബന്ധപ്പെട്ട് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തം കോണ്‍ക്ലേവില്‍ ഉറപ്പാക്കിയിട്ടുണ്ട്. തുറമുഖാനുബന്ധ വ്യവസായങ്ങള്‍ക്കൊപ്പം തന്നെ മറ്റ് മേഖലകളിലേക്കുകൂടി നിക്ഷേപം സമാഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിന് ഈ കോണ്‍ക്ലേവിലൂടെ സാധിക്കും. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ കെഎസ്‌ഐഡിസി, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘വിഴിഞ്ഞം കോണ്‍ക്ലേവ് 2025, ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ്’ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉദ്ഘാടനം ചെയ്യുക. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എന്നിവര്‍ പങ്കെടുക്കും. വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതിനൊപ്പം അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ വിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ചകള്‍, വ്യവസായ രംഗത്തെ ഐക്കണുകള്‍ പങ്കെടുക്കുന്ന ഫയര്‍സൈഡ് ചാറ്റുകള്‍, പ്രസന്റേഷനുകള്‍ എന്നിവ കോണ്‍ക്ലേവിന്റെ ഭാഗമാണ്. കേരളത്തിനകത്തുള്ള കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകളും കോണ്‍ക്ലേവില്‍ വിശകലനം ചെയ്യും. നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന സെഷനുകള്‍, ബിസിനസ് ലീഡര്‍മാരുമായി പ്രതിനിധികള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള അവസരം എന്നിവ കോണ്‍ക്ലേവിന്റെ പ്രത്യേകതകളാണ്.

സംസ്ഥാനത്ത് വലിയതോതില്‍ നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം തുറമുഖം നേരിട്ട് ഒരുക്കുന്നതിന്റെ പതിന്മടങ്ങ് തൊഴില്‍ സാധ്യതകളാണ് അനുബന്ധ വ്യവസായങ്ങളിലൂടെ ഉണ്ടാകുക. ഇതേപ്പറ്റി പ്രാദേശിക സമൂഹങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മാതൃകയാക്കി വിഴിഞ്ഞത്തെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ക്ലേവില്‍ തുടക്കമാകും. കോണ്‍ക്ലേവിനു മുന്നോടിയായി തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലും അദാനി വിഴിഞ്ഞം പോര്‍ട്‌സിന്റെ ആഭിമുഖ്യത്തിലും ‘ട്രിവാന്‍ഡ്രം സ്പീക്‌സ്’ എന്ന പേരില്‍ രണ്ട് പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments