വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്തുന്ന വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് ഇതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഗ്രോത്ത് ട്രയാംഗിള്‍, വളര്‍ച്ചാ നോഡുകള്‍, സബ് നോഡുകള്‍, ഇടനാഴികള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായിക മേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായപാര്‍ക്കുകളുടെ ഒരു സംയോജനമാണ് ലക്ഷ്യം. പ്രധാന ഹൈവേകള്‍ക്കും റെയില്‍ ശൃംഖലകള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആ പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.