വിളവൂര്‍ക്കല്‍ : വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കടകള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന പൊടിപൊടിക്കുന്നു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരിവസ്തുക്കളുമാണ് വില്‍പ്പന നടത്തുന്നത്. പല കടകളും പഞ്ചായത്തിന്റെ ലൈസന്‍സ് പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥികളാണ് ഇത്തരം കച്ചവടക്കാരുടെ ഇരകള്‍. പരിശോധന നടത്തി കടകളില്‍ നിന്നും എന്തെങ്കിലും കണ്ടുപിടിച്ചാല്‍ തന്നെ പിഴ തുച്ഛമായതിനാല്‍ കടയുടമകള്‍ അത് ഒടുക്കി വീണ്ടും കച്ചവടത്തിലേയ്ക്ക് തിരിയുന്നു.
രാത്രികാലങ്ങളില്‍ മദ്യപസംഘങ്ങളുടേയും സമൂഹവിരുദ്ധരുടേയും താവളമാണ് പഞ്ചായത്തിലെ റോഡുകളും ഇടറോഡുകളും. പഴവടിക്ഷേത്രറോഡ്, കീഴതില്‍ റോഡ്, പാറപ്പൊറ്റ എന്നിവിടങ്ങളിലാണ് മദ്യപസംഘം തമ്പടിക്കുന്നത്. സന്ധ്യയായാല്‍ കാല്‍നടയാത്രക്കാരുടെ സഞ്ചാരം ദുരിതപൂര്‍ണ്ണമാണെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കുകയും കടകളില്‍ പരിശോധന നടത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



