ചെറുതോണി: കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് വിളകളിലെ ഒച്ചുകളുടെ ആക്രമണത്തിന് പരിഹാരം കണ്ടെത്തിയിരിയ്ക്കുകയാണ് ഒരു കര്‍ഷക. മഴക്കാലത്ത് ഏലത്തിന്‍റെ ശരങ്ങളും തട്ടയും പച്ചക്കറി തൈകളും ചെടികളും തിന്നു നശിപ്പിക്കുകയായാണ് ഒച്ച് എന്ന ജീവി. കർഷകർക്ക് വലിയ നഷ്ടമാണ് ഈ ജീവികള്‍ ഉണ്ടാക്കുന്നത്. അഞ്ചു വർഷത്തിലധികമായി ഹൈറേഞ്ചിലെ കർഷകരുടെ ഉറക്കം കെടുത്തുകയാണ് ഒച്ചുകള്‍. പല മാർഗങ്ങളും പ്രയോഗിച്ചെങ്കിലും ഒരോ വർഷവും ഇവയുടെ ശല്യം വർദ്ധിച്ചു വരികയാണ്. ജൈവ രീതിയില്‍ ഒച്ചുകളെ തുരുത്താനുള്ള പൊടി രൂപത്തിലുള്ള മരുന്നാണ് ഇപ്പോള്‍ വലിയതോവാള സ്വദേശിയായ മഞ്ജു വികസിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മികച്ച കര്‍ഷകയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള മഞ്ജു കാര്‍ഷിക രംഗത്തെ മികച്ച സംരംഭക കൂടിയാണ്. തന്‍റെ നേഴ്സറിയിലെ പച്ചക്കറികളിലും പഴ വര്‍ഗ കൃഷികളിലും ഒച്ചുകള്‍ വന്‍ വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് ഇവയെ തുരത്താന്‍ പരിഹാരം കണ്ടെത്താന്‍ മഞ്ചു നിര്‍ബന്ധിതയായത്. ഒച്ചുകള്‍ അധികം ആക്രമിയ്ക്കാത്ത ചെടികളെ നിരീക്ഷിച്ച് അവയുടെ ഇലകളും മുട്ടത്തോടും മറ്റ് ജൈവ മിശ്രിതങ്ങളും ചേര്‍ത്തൊരുക്കിയ മരുന്ന് വിജയകരമായി പരീക്ഷിയ്ക്കാന്‍ ഇവര്‍ക്കായി. ഒരു വര്‍ഷത്തെ പരിശ്രമ ഫലമായാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.
ആശയത്തിനുള്ള അംഗീകാരമായി കാര്‍ഷിക സര്‍വകലാശാലയും രംഗത്ത് എത്തി. ഒച്ചുകളെ തുരത്തുന്നതിനൊപ്പം ചെടികള്‍ക്കാവശ്യമായ വിവിധ മൂലകങ്ങളും ഈ മരുന്ന് നല്‍കും.
അധികം ഒച്ചുകള്‍ ഉണ്ടെങ്കില്‍ ആകര്‍ഷിച്ച് ഇവയെ തുരത്തുന്നതാണ് കൂടുതല്‍ ഗുണകരമെന്ന് ഈ കര്‍ഷക പറയുന്നു. കൂടുതല്‍ ഒച്ചുകള്‍ ഉള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാനായി ലിക്വിഡ് രൂപത്തിലും മഞ്ചു മരുന്ന് ഒരുക്കിയിട്ടുണ്ട്. തന്‍റെ കൃഷിയിടത്തില്‍ പരീക്ഷിച്ചു വിജയിച്ചതോടെ ഇവ വ്യാപകമായി ഒരുക്കി കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് കര്‍ഷക. സ്നിയിലിക്സ് എന്ന് പേരു നല്‍കിയ ഉല്‍പ്പന്നം ഉടൻ കർഷകരില്‍ എത്തിക്കുമെന്നും മഞ്ജു പറയുന്നു.



