തിരുവില്വാമല: ഗ്രാമീണ വായനശാലയുടെ 76 ആം വാർഷികത്തിന്റെ ഭാഗമായി നാട്ടകം കലാസാംസ്കാരിക വേദി അണിയിച്ചൊരുക്കുന്ന നാടകോത്സവം വില്വധ്വനിക്ക് ഞായറാഴ്ച അരങ്ങുണരും. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പരിധിയിലെ നൂറോളം കലാകാരന്മാർ ആണ് നാടകോത്സവത്തിലും മറ്റ് സാംസ്കാരിക പരിപാടികളിലുമായ് അരങ്ങിലെത്തുന്നത്.
തിരുവില്വാമലക്കാർ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന നാടകങ്ങളും പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ എൻ എൻ പിള്ളയുടെ അതിന്നുമപ്പുറം എന്നീ കൃതികളും നാടകോത്സവത്തിനു മാറ്റുകൂട്ടും.
സെപ്റ്റംബർ 22 മുതൽ 26 വരെ അഞ്ചുദിവസങ്ങളിലായാണ് വി കെ എൻ സ്മാരക വായനശാലാ ഹാളിൽ നാടകോത്സവം നടക്കുന്നത്. സെപ്റ്റംബർ 22 ന് എൻ എം പിള്ള രചിച്ച് ഹരിപ്രസാദ് സംവിധാനം ചെയ്യുന്ന അതിനുമപ്പുറം 23 ന് അരങ്ങിലും അണിയറയിലും സ്ത്രീകൾ മാത്രമുള്ള രമ രചന നിർവഹിച്ച് രുഗ്മിണി വേണു സംവിധാനം ചെയ്യുന്ന അനാമിക , 24 ന് ഗോപകുമാർ കുറ്റിപ്പുറം സംവിധാനം ചെയ്യുന്ന പ്രതീക്ഷ 25 ന് നാട്ടകം സെക്രട്ടറി സുരേഷ് ബാബു സംവിധാനം ചെയ്യുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കഥയുടെ നാടകാവിഷ്കാരം വെയ്രാജ വെയ് 26 ന് ഗിരീഷ് രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന അടിമചങ്ങല എന്നീ നാടകങ്ങൾ അരങ്ങിലെത്തും.
തുടർച്ചയായി രണ്ടാം തവണ ആണ് നാട്ടകം കലാസാംസ്കാരിക വേദി നാടകോത്സവം സംഘടിപ്പിക്കുന്നത്.