ഡല്‍ഹി: വിമാനയാത്രയില്‍ ഇനി പഴയത് പോലെ ഒന്നിലധികം ബാഗുകള്‍ വിമാനത്തിനകത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ല. ഹാന്‍ഡ് ബാഗേജ് നിയമത്തില്‍ പുതിയ പോളിസി നിലവില്‍ വന്നിരിക്കുകയാണ്. വലുതോ ചെറുതോ ആയിക്കോട്ടെ ഇനി മുതല്‍ ഒരു ബാഗ് മാത്രമേ നിങ്ങള്‍ക്ക് വിമാനത്തിനുളളിലേക്ക് കയ്യില്‍ കൊണ്ട് പോകാന്‍ സാധിക്കുകയുളളൂ. അതുകൊണ്ട് നിങ്ങള്‍ വിമാനയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ ഈ പുതിയ നിയന്ത്രണത്തെ കുറിച്ച് വിശദമായി അറിഞ്ഞിട്ട് മതി. അല്ലെങ്കില്‍ ബാഗുകളും തൂക്കി വിമാനത്താവളത്തിലെത്തിയാല്‍ ബുദ്ധിമുട്ടിലാകും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (BCAS) ആണ് ഹാന്‍ഡ് ബാഗേജുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത്.
ബിസിഎഎസിന്റെ പുതിയ നിയമപ്രകാരം യാത്രക്കാര്‍ക്ക് വിമാനത്തിനുളളില്‍ ഒരു ബാഗ് മാത്രമേ കയ്യില്‍ വെക്കാന്‍ പാടുളളൂ. ഈ ബാഗിന്റെ ഭാരം 7 കിലോയില്‍ കൂടാനും പാടില്ല. മറ്റുളള എല്ലാ ബാഗുകളും ചെക്ക് ഇന്‍ ചെയ്യേണ്ടതുണ്ട്. ആഭ്യന്തര യാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. ഇക്കോണമി, പ്രീമിയം ഇക്കോണമി ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 7 കിലോയും ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ബിസിനസ്സ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ വരെയും ഭാരമുളള ബാഗുകള്‍ കയ്യില്‍ കരുതാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ഹാന്‍ഡ് ബാഗേജിന്റെ അളവ് സംബന്ധിച്ചും മാനദണ്ഡങ്ങളുണ്ട്. ബാഗിന്റെ ഉയരം 55 സെന്റിമീറ്ററിലും നീളം 40 സെന്റിമീറ്ററിലും വീതി 20 സെന്റിമീറ്ററിലും അധികമാകാന്‍ പാടില്ല. ഭാരത്തിലോ അളവിലോ അധികമാണ് ലഗേജ് എങ്കില്‍ യാത്രക്കാര്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരും.