തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ പുനർ നിർമിക്കുന്നു.സ്റ്റേഷൻ്റെ നവീകരണത്തിനായി 393.57 കോടി രൂപ റെയിൽവേ ചെലവഴിക്കും എന്ന് സൂചന. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോകോത്തര റെയിൽവേ സ്റ്റേഷൻ തൃശൂരിൽ വരുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വ്യക്തമാക്കി. ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം ഹാൻഡിലിലൂടെയാണ് അറിയിപ്പ് . സതേൺ റെയിൽവേയുടെ ശ്രദ്ധേയമായ പദ്ധതികളിൽ ഒന്നാണിത്.36 മീറ്റർ വീതിയുള്ള എയർ കോൺകോഴ്‌സും ഹോട്ടലും ഉൾപ്പെടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു.
കേന്ദ്ര ഗവൺമെൻ്റിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ആണ് സ്റ്റേഷൻ നവീകരണം. കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സാംസ്കാരിക തനിമയും അത്യാധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചായിരിക്കും റെയിൽവേ സ്റ്റേഷൻ പണിയുന്നത് എന്നാണ് സൂചന. അമൃത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ തൃശൂർ സ്റ്റേഷൻ വികസിപ്പിക്കുമെന്നാണ് അറിയിപ്പ്. 54,330 ചതുരശ്ര മീറ്ററിലാണ് പുതിയ പദ്ധതി.വിമാനത്താവള മാതൃകയിലാണ് പുതിയ റെയിൽവേ സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്.