കണ്ണൂർ: ഉന്നതവിദ്യാഭ്യാസമേഖല അഭിവൃദ്ധിപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രവർത്തനമാരംഭിച്ചപ്പോഴേ വിദേശത്തുനിന്ന് കൂടുതൽ വിദ്യാർഥികൾ കേരളത്തിലെത്താൻ താൽപ്പര്യം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2600 വിദേശ വിദ്യാർഥികളുടെ അപേക്ഷ ഈവർഷം ലഭിച്ചു. പിണറായി എഡ്യൂക്കേഷൻ ഹബ്ബിന് കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി.
കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന വിദ്യാർഥികൾ ഇന്ത്യയിലെ ആകെ കണക്കിന്റെ നാലുശതമാനം ശതമാനം മാത്രമാണ്. വിദേശത്തു പോകുന്ന 67 ശതമാനം വിദ്യാർഥികളും പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. രാജ്യത്തെ മികച്ച കോളേജുകളിൽ ആദ്യത്തെ നൂറിൽ സംസ്ഥാനത്തെ 16 കോളേജുണ്ട്. മികച്ച 300 കോളജുകളിൽ മൂന്നിലൊന്നും കേരളത്തിലാണ്.
കിഫ്ബി ധനസഹായത്തോടെയാണ് എഡ്യൂക്കേഷൻ ഹബ് പദ്ധതി നടപ്പാക്കുന്നത്. 2016ൽ 50,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന നടപ്പാക്കാമെന്നു കരുതിയിടത്ത് 60,000 കോടിയിൽ അധികമായി കൂടുതൽ കരുത്തോടെ വളരുന്ന കേരള മാതൃകയുടെ ഉദാഹരണമാണ് കിഫ്ബിയെന്നും മുഖ്യമന്ത്രി പറഞ്ഞു.