റിയാദ്: സൗദി അറേബ്യയിൽ ഇനിമുതൽ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ കമ്പനികൾക്ക് കൈമാറ്റം ചെയ്യാം. ഇത് സംബന്ധിച്ചുള്ള നിയമങ്ങൾക്ക് സാമൂഹ്യ വികസന മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി അംഗീകാരം നൽകി. രാജ്യത്തെ തൊഴിൽ മാർക്കറ്റിന്റെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനായി പുതിയ നിയമം സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ നിയമപ്രകാരം സൗദി അറേബ്യയിൽ നിലവിലുള്ള കമ്പനികളിലെ വിദേശ തൊഴിലാളികളെ മറ്റു കമ്പനികൾക്ക് നിയമപരമായി കൈമാറ്റം ചെയ്യാൻ സാധിക്കും. ഈ തൊഴിലാളികളെ ഉപയോഗിച്ച് ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാം.
സേവനം നൽകുന്ന കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ഉത്തരവാദിത്വത്തിലും ആയിരിക്കും ജോലികൾ പൂർത്തിയാക്കേണ്ടത്. ഇങ്ങനെ തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നതിന് മന്ത്രാലയത്തിന്റെ അംഗീകൃത ഡിജിറ്റൽ പ്ലാറ്റ് ഫോം ആയ വഴി അപേക്ഷ സമർപ്പിക്കണം
തൊഴിലാളികളെ ആവശ്യമുള്ളവർക്കും ഈ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിലൂടെ തൊഴിലാളിയുടെ നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തെ സഹായിക്കുകയും ചെയ്യും.സൗദിയുടെ മിഷൻ 2030 പ്രകാരം, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് പുതിയ നിയമം.



