സൂരി, വിജയ് സേതുപതി, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസിംഗ് തിയതി സംബന്ധിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ 20ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ശക്തമായ ഒരു ക്രൈം ത്രില്ലര്‍ കഥ അവതരിപ്പിച്ചുകൊണ്ട്, 2023 മാര്‍ച്ച് 31നാണ് വിടുതലൈ ഒന്നാം ഭാഗം റിലീസിനെത്തിയത്. ആദ്യഭാഗത്തിന്റെ കഥയില്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കും രണ്ടാം ഭാഗം. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ എസ് ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം.