Wednesday, August 6, 2025
No menu items!
Homeവാർത്തകൾവിജയിച്ച ശേഷം പൊടുന്നനെ മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്നത് ജനാധിപത്യത്തിലെ ധാര്‍മ്മികതയ്ക്ക് ഉതകുന്നതല്ലെന്ന് ഹൈക്കോടതി

വിജയിച്ച ശേഷം പൊടുന്നനെ മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്നത് ജനാധിപത്യത്തിലെ ധാര്‍മ്മികതയ്ക്ക് ഉതകുന്നതല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഒരു പാര്‍ട്ടിയുടെ ഭാഗമായി നിന്ന് വിജയിച്ച ശേഷം പൊടുന്നനെ മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്നത് ജനാധിപത്യത്തിലെ ധാര്‍മ്മികതയ്ക്ക് ഉതകുന്നതല്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മറുചേരിയില്‍ ചേരുന്നത് തെരഞ്ഞെടുത്തവരുമായുള്ള ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റവും ജനഹിതത്തെ അവഹേളിക്കലുമാണ്. ജനത്തോടുള്ള കടപ്പാടില്‍ നിന്ന് മാറിപ്പോകണമെന്നുണ്ടെങ്കില്‍ സ്ഥാനം രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ധാര്‍മികമായ രീതിയെന്നും കോടതി അഭിപ്രായപ്പെട്ടു.

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരിലെടുത്ത പൊലീസ് കേസില്‍, യുഡിഎഫ് അംഗങ്ങള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ജനപ്രതിനിധിയും ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്റെയും പ്രവര്‍ത്തികള്‍ ജനാധിപത്യ തത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാകണം.

ജനങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരും തമ്മിലൊരു ധാര്‍മിക കരാറുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് തന്റെ നയങ്ങളോ രാഷ്ട്രീയ ചായ് വോ മാറ്റണമെന്നുണ്ടെങ്കില്‍ രാജിവച്ച ശേഷം വീണ്ടും ജനവിധി തേടുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം ജനങ്ങളുമായുള്ള കരാറില്‍ നിന്നുള്ള ഏകപക്ഷീയമായ പിന്മാറലായിപ്പോകും. സമ്മതിദാനം നല്‍കിയ ജനങ്ങളുടെ നിലപാടിനെ അപമാനിക്കലാണ് അത്. ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്ന വ്യക്തിയെ അടുത്ത തെരഞ്ഞെടുപ്പില്‍ അനുകൂലിച്ചോ പ്രതികൂലിച്ചോ ജനങ്ങള്‍ക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാം. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. അതേസമയം, തന്നെ ജയിപ്പിച്ച ജനങ്ങളുടെ നിലപാടിന് വിരുദ്ധമായി ഒരു ജനപ്രതിനിധി പ്രവര്‍ത്തിച്ചാല്‍ അതിനോട് ജനങ്ങള്‍ പ്രതികരിക്കേണ്ടത് ജനാധിപത്യപരമായി അടുത്ത തെരഞ്ഞെടുപ്പിലാണ്, അല്ലാതെ ആക്രമിച്ചോ കയ്യാങ്കളിയിലൂടെയോ അല്ല എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments