Saturday, August 2, 2025
No menu items!
Homeവാർത്തകൾവാൻസിന്‍റെ മക്കൾക്ക് മയിൽപ്പീലി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൽ...

വാൻസിന്‍റെ മക്കൾക്ക് മയിൽപ്പീലി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ – അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോ​ഗതിയെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി: യുഎസ് വൈസ് പ്രസിഡന്‍റ്  ജെ ഡി വാൻസുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടികാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യ – അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോ​ഗതിയെന്ന് വിദേശകാര്യ മന്ത്രാലയം. മോദിയുടെ ദില്ലിയിലെ വസതിയിലാണ് കൂടികാഴ്ച നടന്നത്. ട്രംപ് ഈ വർഷം തന്നെ ഇന്ത്യ സന്ദർശിച്ചേക്കും. ദില്ലി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കുടുംബസമേതം വൈകിട്ടാണ് ജെ ഡി വാൻസ് എത്തിയത്. മോദി ഊഷ്മളമായി ഇവരെ സ്വീകരിച്ചു. ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും മക്കളും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ ഇന്ത്യ – അമേരിക്ക വ്യാപാര കരാറടക്കം നിർണായക വിഷയങ്ങൾ ചർച്ചയായി. രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തിൽ ഇരുവരും സന്തോഷം പ്രകടിപ്പിച്ചെന്നും, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ മുതലായ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വ്യാപാര കരാറിൽ നല്ല പുരോഗതി എന്ന വിശദീകരണവും മന്ത്രാലയം നൽകി. അമേരിക്കൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം ഈ വർഷം തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിലുണ്ട്. അതേസമയം വിവാദമായ ഇന്ത്യാക്കാരെ ചങ്ങലയിട്ട് നാടുകടത്തിയതും, ഇന്ത്യൻ വിദ്യാർത്ഥികളെ പുറത്താക്കിയ അമേരിക്കയുടെ നടപടിയും കൂടികാഴ്ചയിൽ ചർച്ചയായോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ അമേരിക്കയെ ശക്തമായ പ്രതിഷേധം മോദി അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റശേഷമുള്ള ജെ ഡി വാൻസിന്റെ ആദ്യ സന്ദ‌ർശനമാണിത്. ഇന്നലെ രാവിലെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്ത്വത്തിൽ ​ഗംഭീര സ്വീകരണമാണ് ദില്ലി വിമാനത്താവളത്തില് വാൻസിന് നൽകിയത്. അക്ഷർധാം ക്ഷേത്രം സന്ദർശിച്ച വാൻസും കുടുംബവും വരും ദിവസങ്ങളിൽ ജയ്പൂരും, താജ്മഹലും സന്ദർശിക്കുന്നുണ്ട്. നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ചയാണ് മടക്കം. പ്രധാനമന്ത്രി, ജെ ഡി വാൻസിന്‍റെ മക്കളുമായി സംസാരിക്കുകയും ഇവാൻ, വിവേക്, മിറാബെൽ എന്നിവർക്ക് ഓരോ മയിൽപ്പീലി വീതം സമ്മാനിക്കുകയും ചെയ്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments