ദില്ലി: ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉള്ളടക്കം അടിമുടി നിരീക്ഷിക്കുകയാണോ കേന്ദ്ര സര്‍ക്കാര്‍? അയച്ച മെസേജുകളില്‍ മൂന്ന് നീല ടിക് മാര്‍ക്കുകള്‍ കണ്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും, മൂന്ന് റെഡ് ടിക് മാര്‍ക്കുകള്‍ കണ്ടാല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയെന്നും കോടതി സമന്‍സ് ഉടനടി ലഭിക്കുമെന്നും വിശദീകരിക്കുന്ന ഫോര്‍വേഡാണ് വാട്‌സ്ആപ്പില്‍ വൈറലായിരിക്കുന്നത്. അതിനാല്‍ വസ്‌തുത ശരിയാണോ എന്ന് പരിശോധിക്കാം.
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്കും വാട്‌സ്ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മ്യൂണിക്കേഷന്‍ നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നു എന്നാണ് വൈറല്‍ ഫോര്‍വേഡ് സന്ദേശത്തിലുള്ളത്. വാട്‌സ്ആപ്പ് ഫോര്‍വേഡിലെ വിശദാംശങ്ങള്‍ ഇങ്ങനെ. ‘എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യപ്പെടും, എല്ലാ കോള്‍ റെക്കോര്‍ഡിംഗുകളും സേവ് ചെയ്യപ്പെടും, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെല്ലാം നിരീക്ഷിക്കപ്പെടും, കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പോസ്റ്റ് ചെയ്യാന്‍ പാടില്ല, മോശം മെസേജുകളും പോസ്റ്റുകളും വരാതിരിക്കാന്‍ എല്ലാ അഡ്‌മിന്‍മാരും ജാഗ്രത പാലിക്കുക. വാട്‌സ്ആപ്പില്‍ മെസേജുകള്‍ അയക്കുമ്പോള്‍ ഒരു ടിക് കണ്ടാല്‍ മെസ് അയക്കപ്പെട്ടു എന്നാണ്, രണ്ട് ടിക്കുകള്‍ കണ്ടാല്‍ മെസേജ് ആളില്‍ എത്തിയെന്നും, മൂന്ന് ബ്ലൂ ടിക്കുകള്‍ കണ്ടാല്‍ മെസേജ് സര്‍ക്കാര്‍ ശ്രദ്ധിച്ചുവെന്നും, രണ്ട് നീലയും ഒരു ചുവപ്പ് മാര്‍ക്കും കണ്ടാല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചുവെന്നും, മൂന്ന് ചുവപ്പ് ടിക്കുകള്‍ കണ്ടാല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയെന്നും കോടതി സമന്‍സ് ഉടന്‍ ലഭിക്കുമെന്നും’- ഒക്കെയാണ് വൈറല്‍ വാട്‌സ്ആപ്പ് ഫോര്‍വേഡില്‍ വിശദീകരിക്കുന്നത്
എന്നാണ് ഈ വൈറല്‍ വാട്‌സ്ആപ്പ് ഫോര്‍വേഡിലെ വിവരങ്ങള്‍ വ്യാജമാണ്. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ കാണുന്ന ടിക് മാര്‍ക്കുകളുടേതായി വിശദീകരിക്കുന്ന അര്‍ഥങ്ങളും പലതും തെറ്റാണ്. ഒരു സാധാരണ ടിക് മാര്‍ക്കും, രണ്ട് ടിക് മാര്‍ക്കും, രണ്ട് നീല ടിക് മാര്‍ക്കുകളും മാത്രമാണ് വാട്‌സ്ആപ്പില്‍ നിലവിലുള്ളത്. മൂന്ന് നീല ടിക് മാര്‍ക്കുകളോ, രണ്ട് നീല ടിക്കും ഒരു ചുവപ്പ് ടിക്കും ഒന്നിച്ചോ, മൂന്ന് ചുവപ്പ് ടിക് മാര്‍ക്കുകളോ വാട്‌സ്ആപ്പില്‍ നിലവില്‍ പോലുമില്ല എന്നതാണ് വസ്തുത.