തകഴി: വഴിയിൽ കിടന്ന് കിട്ടിയ ഒരു പവന്‍റെ സ്വര്‍ണ മാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മസേന അംഗങ്ങൾ. തകഴി ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങളായ റീന പ്രകാശ്, സുജാത എന്നിവർക്കാണ് ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണ മാല കളഞ്ഞു കിട്ടിയത്. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ വഴിയിൽ കിടന്നാണ് മാല കിട്ടിയത്.
മാല കിട്ടിയ ഉടനെ തന്നെ ജോലി നിർത്തി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി കൈമാറി. തുടർന്ന് പഞ്ചായത്ത് വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശം പ്രചരിപ്പിച്ചു. തുടർന്ന് ഉടമസ്ഥർ എത്തി മാല കൈപ്പറ്റുകയായിരുന്നു. സത്യസന്ധമായ ഈ പ്രവൃത്തിയിലൂടെ മാതൃകയായ ഹരിത കർമ്മസേന അംഗങ്ങളെ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അജയകുമാർ, വൈസ് പ്രസിഡന്റ് അംബികാ ഷിബു, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ശശാങ്കൻ, ജയചന്ദ്രൻ കലാങ്കേരി, സിന്ധുജയപ്പൻ, സെക്രട്ടറി യു സുരേഷ്, എ എസ് മനോജ്, അഖിൽ സെബാസ്റ്റ്യൻ, സജിത എസ്, സാലി ആന്റണി എന്നിവർ സംസാരിച്ചു



