യാംബു: റാംത് പൂച്ചെടികൾ പൂത്തു സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളുടെ മരുഭൂകാഴ്ചകളെ മനോഹരമാക്കുന്നു. ഇറാഖ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന സൗദി പട്ടണമായ അറാറിലെയും സമീപ പ്രദേശങ്ങളിലെയും താഴ്വരകളിലാണ് പടർന്നുകിടന്ന് ഈ കുറ്റിച്ചെടികൾ പൂവിട്ടത്. അടുത്ത നാളുകളിൽ പെയ്ത ശക്തമായ മഴയാണ് ചെടികളെ തളിർപ്പിച്ചതും പൂവണിയിച്ചതും. വംശനാശഭീഷണി നേരിടുന്ന സസ്യജാതികളിൽപെട്ടതാണി പൂച്ചെടികൾ. കഴിഞ്ഞ കുറെക്കാലമായി മരുഭൂഭാഗങ്ങളിൽ ഇവ അപ്രത്യക്ഷമായിരുന്നു. എന്നാൽ ഈ മഴസീസണിൽ വീണ്ടും മുളച്ചുപൊന്തി,തളിർത്തു, പൂവിട്ടു.
ഒന്ന് മുതൽ എട്ട് വരെ മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് റാംത്. ചിലപ്പോൾ 12 മീറ്റർ വരെ ഉയരം വെച്ചേക്കും. കട്ടിയുള്ള തണ്ടും ധാരാളം ശാഖകളും വിവിധ നിറങ്ങളിലുള്ള പൂക്കളും ഇവയുടെ പ്രത്യേകതയാണ്. കുഞ്ഞിലകൾ സവിശേഷതയാണ്. മരുഭൂവത്കരണം തടയുന്നതിനും മണ്ണിനെ സുസ്ഥിരമാക്കുന്നതിനും ഈ ചെടികൾ വലിയ പങ്കാണ് വഹിക്കുന്നത്.മരുഭൂമിയിൽ മേയുന്ന ഒട്ടകങ്ങൾക്കും ഇതര കന്നുകാലികൾക്കും ഇഷ്ട ഭക്ഷണവുമാണിത്. വിവിധ രോഗങ്ങൾക്കുള്ള ഒരു ഔഷധച്ചെടിയായും ഉപയോഗിക്കുന്നു. മരുഭൂവാസികൾ പാരമ്പര്യമായി ഇതിനെ മരുന്നായി ഉപയോഗിച്ചുവരുന്നു. നല്ല നീർവാഴ്ചയും വായു സഞ്ചാരവുമുള്ള ഫലഭൂയിഷ്ഠമായ മണൽ പ്രദേശത്താണ് ധാരാളമായി വളരുന്നത്. വേനൽ കടുക്കുേമ്പാൾ സാധാരണയായി ഈ കുറ്റിച്ചെടികളുടെ ഇലകൾക്ക് ചുറ്റും ചെറിയ വെളുത്ത ധാന്യങ്ങളുടെ രൂപത്തിൽ ചെറിയ അളവിൽ ശുദ്ധമായ വെളുത്ത പഞ്ചസാര ഉൽപാദിപ്പിക്കപ്പെടാറുണ്ടത്രേ.‘അമൻ’ പരിസ്ഥിതി കൂട്ടായ്മ മേധാവി നാസർ അൽ മുജല്ലദാണ് ഈ ശാസ്ത്രീയ വിജ്ഞാനം പങ്കുവെക്കുന്നത്. വംശനാശഭീഷണി നേരിടുന്ന വന്യസസ്യങ്ങളെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷകരും നടത്തുന്ന ശ്രമഫലമായാണത്രേ ‘റാംത്’ പോലെയുള്ള അപൂർവ ചെടികൾ മരുഭൂമിയിൽ വീണ്ടും വ്യാപകമായി കിളിർക്കുന്നതെന്ന് നാസർ അൽ മുജല്ലദ് ചൂണ്ടിക്കാട്ടുന്നു.