Tuesday, December 23, 2025
No menu items!
Homeവാർത്തകൾവയനാട് പുനരധിവാസം: ടൗൺഷിപ്പ്‌ വൈകില്ല; വീടുകൾ നിർമിച്ച്‌ ഒരുമിച്ച്‌ കൈമാറും

വയനാട് പുനരധിവാസം: ടൗൺഷിപ്പ്‌ വൈകില്ല; വീടുകൾ നിർമിച്ച്‌ ഒരുമിച്ച്‌ കൈമാറും

കൽപ്പറ്റ: മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ എസ്‌റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള ഹൈക്കോടതി അനുമതി സർക്കാർ നടപടികൾക്കുള്ള അംഗീകാരം. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നെടുമ്പാല, എൽസ്‌റ്റൺ എസ്‌റ്റേറ്റ്‌ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ പുനരധിവാസ നടപടി കൂടുതൽ വേഗത്തിലാകും. കഴിഞ്ഞ 21ന്‌ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന്‌ പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. നിർമിക്കാനുദ്ദേശിക്കുന്ന ടൗൺഷിപ്പിന്റെ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. കിഫ്‌ബിയുടെ കീഴിലുള്ള കിഫ്‌കോൺ ആണ്‌ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്‌. ടൗൺഷിപ്പിൽ വീട്‌ നിർമിച്ചുനൽകുന്നവരുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞ 20ന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയിൽ ജനുവരി നാലുവരെ പരാതികൾ ബോധിപ്പിക്കാം. കലക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വൈസ്‌ ചെയർമാനുമായ ജില്ലാ ദുരന്തനിവാരണ സമിതി പരിശോധിച്ചാണ്‌ പട്ടിക പ്രസിദ്ധീകരിച്ചത്‌. അപകടഭീഷണിയുള്ളതായി വിദഗ്‌ധ സമിതി കണ്ടെത്തിയ വീടുകളുടെ പട്ടികയും വൈകാതെ പ്രസിദ്ധീകരിക്കും. വീടുകൾ നിർമിച്ച്‌ ഒരുമിച്ച്‌ കൈമാറും. വീടുകൾ വാഗ്‌ദാനം ചെയ്‌തവരുമായി ഒന്നിന്‌ മുഖ്യമന്ത്രി ചർച്ച നടത്തും.

ആയിരം ചതുരശ്ര അടി വീതമുള്ള വീടുകളാണ്‌ സർക്കാർ നിർമിച്ചു നൽകുക. ഒരേ രീതിയിലുള്ളതാകും വീടുകൾ. ഭാവിയിൽ രണ്ടാമത്തെ നിലകൂടി കെട്ടാനുള്ള ഉറപ്പോടുകൂടിയ അടിത്തറ പണിയും. ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, വിനോദ കേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവ ടൗൺഷിപ്പിൽ ഉൾപ്പെടും.  പുനരധിവാസ നടപടി അതിവേഗത്തിൽ പുരോഗമിക്കുമ്പോഴാണ്‌ എസ്‌റ്റേറ്റ്‌ ഉടമകൾ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്‌. ഇതാണ്‌ കോടതി തള്ളിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments